തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തിൽ സർക്കാരിനെ ന്യായീകരിച്ച സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.ബി രാജേഷിന്‍റെ വീഡിയോയ്ക്ക് പാർട്ടിയുടെ യൂട്യൂബ് പേജിൽ കടുത്ത എതിർപ്പ്. സിപിഐ(എം) കേരള എന്ന യൂട്യൂബ് പേജിൽ മൂന്നു ദിവസം മുമ്പ് പോസ്റ്റു ചെയ്‌ത വീഡിയോയ്ക്ക് ഇതിനകം ഒരു ലക്ഷത്തിലേറെ ഡിസ്‌ലൈക് ആണ് ലഭിച്ചത്. അഞ്ച് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബർമാരുള്ള പേജിൽ വീഡിയോയെ അനുകൂലിക്കുന്നവർ അമ്പതിനായിരത്തിൽ താഴെ മാത്രം.
പിഎസ്‌സി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ജോലി കിട്ടില്ലെന്നും ജോലി കിട്ടാത്തവരുടെ നിരാശയെ പ്രതിപക്ഷവും, റേറ്റിങ്ങ് കൂട്ടാൻ ചില മാധ്യമങ്ങളും മുതലെടുക്കുകയാണെന്നാണ് വിഡിയോയിൽ എം.ബി രാജേഷ് പറയുന്നത്. ഒരു പിഎസ്‌സി റാങ്ക് പട്ടികയുടെയും കാലാവധി നീട്ടേണ്ടതില്ല എന്നാണ് സർക്കാരിന്‍റെ നയപരമായ തീരുമാനം. ഇത് ശരിയായ നയമെന്ന് മുൻ എംപി വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്. എന്നാൽ, തന്‍റെ ഭാര്യ കൂടി ഉൾപ്പെട്ട അസി. പ്രൊഫസർ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി, ഭാര്യക്ക് ജോലി ലഭിക്കാതെ ഉടൻ അവസാനിക്കുമെന്നും എം.ബി രാജേഷ് ചൂണ്ടിക്കാട്ടുന്നു.
പിഎസ്‌സി റാങ്ക് പട്ടിക നിലനിൽക്കെ അനധികൃതമായി താൽക്കാലിക നിയമനങ്ങൾ നടക്കുന്നത് റാങ്ക് പട്ടികയിലുള്ളവരുടെ കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. കാര്യമായി നിയമനങ്ങൾ നടക്കാതെ പല റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഉടൻ അവസാനിക്കും. പ്രളയം, ഓഖിയുടെ പശ്ചാത്തലത്തിൽ നിയമനങ്ങളുടെ വേഗവും എണ്ണവും കുറച്ചിരുന്നു. ഇക്കാര്യം സർക്കാരിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരാനും പട്ടികയുടെ കാലാവധി നീട്ടാനുമുളള തീവ്രശ്രമത്തിലാണ് ഉദ്യോഗാർഥികൾ. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികളെ നിരാശപ്പെടുത്തുന്ന വിധം എം.ബി രാജേഷ് വിശദീകരണവുമായി എത്തുകയും അത് ശക്തമായ എതിർപ്പുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തത്.