തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ സമരക്കാരെ ചർച്ചയ്‌ക്ക് വിളിച്ച് തദ്ദേശ വകുപ്പ് മന്ത്രി എംബി രാജേഷ്. ഈ മാസം 30ന് എംബി രാജേഷിന്‍റെ ചേംബറിലാണ് ചർച്ച. സമരം ചെയ്യുന്ന പ്രതിപക്ഷ പാർട്ടികളുടെ ജില്ല പ്രസിഡന്‍റുമാരെയും സെക്രട്ടറിമാരെയുമാണ് ചർച്ചക്ക് വിളിച്ചിരിക്കുന്നത്.
നിയമന ശുപാർശ കത്ത് വിവാദത്തിൽ ഓംബുഡ്‌സ്‌മാൻ അന്വേഷണം വേണ്ടെന്ന നഗരസഭ സെക്രട്ടറിയുടെ ആവശ്യം കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജനുവരി മുതൽ പ്രതിപക്ഷ പാർട്ടികൾ സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഷയത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് ജനുവരി ആറിന് കോർപ്പറേഷൻ വളയാൻ ബിജെപി ആഹ്വാനം ചെയ്‌തിട്ടുണ്ട്.
മേയറെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് ജനുവരി ഏഴിന് നഗരസഭ പരിധിയിൽ ബിജെപി ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് കത്ത് വിവാദത്തിൽ മന്ത്രി തലത്തിൽ പ്രതിപക്ഷ പാർട്ടികളെ ചർച്ചക്ക് വിളിക്കുന്നത്.
വിഷയത്തിൽ ഫെബ്രുവരി 22ന് തദ്ദേശ വകുപ്പ് ഓംബുഡ്‌സ്‌മാൻ തുടർ വാദം കേൾക്കും. വിഷയത്തിൽ സിപിഎമ്മും സി ജയന്‍ ബാബു, ഡി കെ മുരളി, ആര്‍ രാമു എന്നിവർ ഉൾപ്പെട്ട അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്.