തിരുവനന്തപുരം: കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ സ്ഥാനങ്ങളിലേക്കും മുനിസിപ്പൽ കൗൺസിൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. മേയർ, മുനിസിപ്പൽ ചെയർമാൻ സ്ഥാനങ്ങളിലേക്ക് രാവിലെ 11നും ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്ക് ഉച്ചകഴിഞ്ഞു രണ്ടിനുമാണു തെരഞ്ഞെടുപ്പ്. ജില്ലാ കലക്ടറാണ് കോർപ്പറേഷനിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ വരണാധികാരി. സർവേ ആൻഡ് ലാൻഡ് റെക്കോഡ്‌സ് അസിസ്റ്റന്‍റ് ഡയറക്ടറാണു നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ വരണാധികാരി.
നെടുമങ്ങാട് - ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, തിരുവനന്തപുരം, ആറ്റിങ്ങൽ - ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ, വർക്കല - റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ, തിരുവനന്തപുരം എന്നിവരാണ് മറ്റു മുനിസിപ്പാലിറ്റികളിലെ വരണാധികാരികൾ. ഓപ്പൺ ബാലറ്റിലൂടെയാണ് അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയെന്ന് ജില്ലാ കലക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.
വോട്ട് രേഖപ്പെടുത്തുന്ന അംഗം ബാലറ്റ് പേപ്പറിന്‍റെ പുറകുവശത്ത് പേരും ഒപ്പും രേഖപ്പെടുത്തണം. നാമനിർദേശം ചെയ്ത സ്ഥാനാർഥി ഒരാൾ മാത്രമേയുള്ളൂവെങ്കിൽ വോട്ടെടുപ്പ് നടത്താതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കും. രണ്ട് സ്ഥാനാർഥികളാണെങ്കിൽ കൂടുതൽ സാധുവായ വോട്ട് കിട്ടുന്നയാൾ തെരഞ്ഞെടുക്കപ്പെടും. രണ്ടു സ്ഥാനാർഥികൾക്കും തുല്യ വോട്ട് ലഭിച്ചാൽ നറുക്കെടുപ്പിലൂടെ വിജയിയെ നിശ്ചയിക്കും. രണ്ടിലധികം സ്ഥാനാർഥികൾ മത്സരിക്കാനുണ്ടായാൽ ഒരു സ്ഥാനാർഥിക്ക് മറ്റെല്ലാ സ്ഥാനാർഥികൾക്കും കൂടി കിട്ടിയിട്ടുള്ള മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചാൽ അദ്ദേഹത്തെ വിജയിയായി പ്രഖ്യാപിക്കും. മറ്റു സ്ഥാനാർഥികളുടെ മൊത്തം വോട്ടിനേക്കാൾ കൂടുതൽ വോട്ട് ലഭിച്ചില്ലെങ്കിൽ ഏറ്റവും കുറവ് വോട്ട് ലഭിച്ച സ്ഥാനാർഥിയെ ഒഴിവാക്കി ശേഷിക്കുന്ന സ്ഥാനാർഥികളെ വെച്ച് വീണ്ടും വോട്ടെടുപ്പ് നടത്തും.
കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും വോട്ടെടുപ്പ് നടത്തുക. ത്രിതല പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 30നു നടക്കും. തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് സിപിഎമ്മിലെ ആര്യ രാജേന്ദ്രനും ഡെപ്യൂട്ടി മേയറായി സിപിഐയിലെ പി. കെ. രാജുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.