തിരുവനന്തപുരം: നഗരം പൂർണമായി അടച്ചിടേണ്ട സാഹചര്യം ഒഴിവാക്കാനാണ് തലസ്ഥാനത്തെ പാളയം, ചാല മാർക്കറ്റുകളിലെ നിയന്ത്രണങ്ങളെന്ന് മേയർ കെ ശ്രീകുമാർ. സമ്പൂര്‍ണ അടച്ചിടല്‍ ഉണ്ടായാല്‍ മുഴുവൻ കടകളും അടച്ചിടേണ്ടിവരുമെന്നും മേയർ വ്യക്തമാക്കി. ഇരു മാർക്കറ്റുകളിലെയും കടകൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തിയതിൽ എതിർപ്പുന്നയിച്ച വ്യാപാരികൾക്ക് മറുപടിയായി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് മേയര്‍ ഇക്കാര്യങ്ങൾ അറിയിച്ചത്.
കടകൾ അടപ്പിക്കുന്നത് നഗരസഭയുടെ താൽപ്പര്യമല്ല. കൂടുതൽ ആളുകൾ വന്നുപോകുന്ന സ്ഥലങ്ങൾ എന്ന നിലക്കാണ് പാളയത്തും ചാലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. മാളുകളിലും സൂപ്പർമാർക്കറ്റുകളിലും നിയന്ത്രണങ്ങളുണ്ട്. ഇത് ഏകപക്ഷീയമായ അടിച്ചേൽപ്പിക്കലല്ല. ഇരു മാർക്കറ്റുകളുടെയും മാളുകളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങൾ തീരുമാനിച്ചത്. സമ്പൂർണ അടച്ചിടലിലേക്ക് പോകാതിരിക്കാനാണ് ശ്രമങ്ങൾ മുഴുവൻ. അങ്ങനെയൊരു സാഹചര്യം വന്നാൽ പിന്നെ കടകൾ മുഴുവൻ അടച്ചിടേണ്ടി വരുമെന്നും മേയർ വ്യക്തമാക്കി.
പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം തുടങ്ങിയവ വിൽക്കുന്ന കടകൾ ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്ന രീതിയിലാണ് നിലവിലെ ക്രമീകരണം. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആൾക്കൂട്ടമുണ്ടായാൽ മറ്റ് മാർക്കറ്റുകളും അടച്ചിടുമെന്ന് മേയർ വ്യക്തമാക്കി.