തിരുവനന്തപുരം : ജെ ഡി എസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ (H. D. Deve Gowda) പ്രസ്‌തവന അസംഭവ്യമെന്ന് മുൻ മന്ത്രിയും ജെ ഡി എസ് നേതാവുമായ മാത്യു ടി തോമസ് (Mathew T Thomas). പിണറായി വിജയന്‍റെ സമ്മതത്തോടെ ബി ജെ പിയോടൊപ്പം ചേർന്നുവെന്ന അഖിലേന്ത്യ അധ്യക്ഷന്‍റെ പ്രഖ്യാപനം രസകരമായ വാർത്തയാണ്. കേരള രാഷ്‌ട്രീയത്തിൽ ഒട്ടനവധി തെറ്റായ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും ഉണ്ടാക്കാനിടയുള്ള പ്രസ്‌താവനയാണിത്.
തെറ്റിദ്ധാരണ കൊണ്ടോ പ്രായാധിക്യം മൂലമുള്ള പ്രശ്‌നങ്ങൾ കൊണ്ടോ ആകാം ഇത് സംഭവിച്ചതെന്ന് ഞങ്ങൾ കരുതുന്നു. മുഖ്യമന്ത്രി അങ്ങനെയൊരു അനുമതി നൽകേണ്ടതോ തേടേണ്ടതോ ആയ ഒരാവശ്യവുമില്ല. മുഖ്യമന്ത്രിയും ജെ ഡി എസിന്‍റെ (J.D.S) അഖിലേന്ത്യ പ്രസിഡന്‍റും തമ്മിൽ എന്തെങ്കിലും ആശയ വിനിമയം നടന്നിട്ട് മാസങ്ങളായി. ബിജെപിയുമായി സഖ്യപ്പെടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രിയുടെയോ ജെ ഡി എസിന്‍റെയോ മന്ത്രി കൃഷ്‌ണൻകുട്ടിയുടെയോ അനുമതി ഉണ്ടായി എന്നത് അടിസ്ഥാന രഹിതമാണ്.
കേരളത്തിലെ പാർട്ടി ആ തീരുമാനത്തെ നിഷേധിക്കുന്നു. യാതൊരു ചർച്ചയും ഇക്കാര്യത്തിൽ നടന്നിട്ടില്ല. ആരോപണം തീർത്തും അസംഭവ്യവുമാണ്. അഖിലേന്ത്യ അധ്യക്ഷന്‍റെ പ്രഖ്യാപനം പാർട്ടി തീരുമാനമല്ല. പല സംസ്ഥാന ഘടകങ്ങളുമായി ബന്ധപ്പെട്ടപ്പോൾ അവരും വിയോജിപ്പ് പ്രകടിപ്പിച്ചു. വ്യക്തിപരമായ തീരുമാനവുമായി പാർട്ടിയിൽ ഒരു വ്യക്തിക്ക് മുന്നോട്ട് പോകാനാകില്ല.
സംഘടനാപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം കൂടി ആവശ്യമാണ്. കാര്യങ്ങൾ ചർച്ച ചെയ്‌ത് കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പാർട്ടി അദ്ദേഹത്തിന്‍റെ തീരുമാനത്തോടൊപ്പമില്ലെന്ന് അധ്യക്ഷനെ താനും മന്ത്രി കൃഷ്‌ണൻ കുട്ടിയും നേരിട്ടെത്തി അറിയിച്ചതാണ്. നിങ്ങളുടെ വികാരം മനസിലാക്കുന്നുവെന്ന് അധ്യക്ഷൻ അപ്പോൾ പ്രതികരിച്ചു. എൻ ഡി എ മുന്നണിയിൽ ചേരാനുള്ള അഖിലേന്ത്യ പ്രസിഡന്‍റ് ദേവഗൗഡയുടെ പ്രഖ്യാപനം നേരത്തെയെടുത്ത തീരുമാനങ്ങൾക്ക് ഘടക വിരുദ്ധമാണ്.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ കൂടിയ പാർട്ടി സമ്പൂർണ സമ്മേളനത്തിൽ പാസായ രാഷ്‌ട്രീയ പ്രമേയത്തിൽ ബി ജെ പിയോട് ശത്രുതാപരമായ നിലപാട് പുലർത്തനായിരുന്നു തീരുമാനം. ബി ജെ പിയുടെ വളർച്ചക്ക് കാരണമായ കോൺഗ്രസിനെയും എതിർക്കുകയെന്ന രാഷ്‌ട്രീയ പ്രമേയമായിരുന്നു സ്വീകരിച്ചത്. അതിന് ശേഷം നടന്ന കർണാടക തെരഞ്ഞെടുപ്പിലും ആ രാഷ്‌ട്രീയ പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയുള്ള നിലപാടായിരുന്നു സ്വീകരിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം ചേർന്ന ദേശീയ എക്‌സിക്യൂട്ടിവിലും എടുത്ത നിലപാട് ബി ജെ പിക്കും കോൺഗ്രസിനും എതിരായി നിലകൊള്ളുക എന്നുള്ളതായിരുന്നു. പിന്നീട് ഒരു ഫോറത്തിലും ചർച്ച ചെയ്യാതെയാണ് ബി ജെ പിക്കൊപ്പം ചേരുക എന്ന പ്രഖ്യാപനം അഖിലേന്ത്യ അധ്യക്ഷൻ നടത്തിയത്. കേരളത്തിലെ ജെ ഡി എസ് അഖിലേന്ത്യ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനത്തോട് യോജിക്കുന്നില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.