തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച (22-07-2021) കൊവിഡ് കൂട്ട പരിശോധന നടത്തും. മൂന്ന് ലക്ഷം പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ കുറവ് വരാത്തതിനെ തുടര്‍ന്നാണ് കൂട്ട പരിശോധന നടത്താന്‍ കൊവിഡ് ഉന്നതതല സമതി ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്.
കൊവിഡ് ബാധിതരെ വേഗത്തില്‍ കണ്ടെത്തി പ്രതിരോധം ശക്തമാക്കാനാണ് കൂട്ടപരിശോധന. തുടര്‍ച്ചയായി രോഗബാധ നിലനില്‍ക്കുന്ന പ്രത്യേക സ്ഥലങ്ങളും പ്രത്യേക വിഭാഗങ്ങളും കണ്ടെത്തിയായിരിക്കും പരിശോധന. പരിശോധന ഫലങ്ങള്‍ വിശകലനം നടത്തി കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമാക്കും.
പരിശോധിക്കുന്ന പ്രധാന വിഭാഗങ്ങൾ
ഗുരുതര ശ്വാസകോശ അണുബാധയുള്ളവര്‍, കൊവിഡ് രോഗ ലക്ഷണങ്ങളില്ലെങ്കിലും പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍, ജനക്കൂട്ടവുമായി ഇടപെടല്‍ നടത്തുന്ന 45 വയസിന് താഴെയുള്ളവര്‍, വാക്‌സിനെടുക്കാത്ത 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുള്ളവര്‍, ഒപിയിലെ രോഗികള്‍, കൊവിഡിതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്ന രോഗികള്‍, പനി ലക്ഷണമുള്ളവര്‍ എന്നിവരെയാണ് പ്രധാനമായും പരിശോധിക്കുക.
കൊവിഡ് മുക്തരായവരെ പരിശോധനയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൊവിഡ് ടിപിആര്‍ കുറയാത്തതിനാല്‍ സംസ്ഥാനത്ത് നേരത്തേയും കൊവിഡ് കൂട്ട പരിശോധന നടത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് 12,818 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് (22-07-2021) സ്ഥിരീകരിച്ചത്.
Also read: സംസ്ഥാനത്ത് 12,818 പേര്‍ക്ക് കൂടി കൊവിഡ്