തിരുവനന്തപുരം: മാസ്കുകൾ ജീവിതത്തിന്‍റെ ഭാഗമായി മാറിക്കഴിഞ്ഞു. മുഖം പ്രിന്‍റ് ചെയ്ത മാസക്, വസ്‌ത്രത്തിന് ചേർന്ന മാസക്, കസവ് മാസക് അങ്ങനെ മാസ്കുകൾ പലതരം. എന്നാൽ മാസ്കുകൾ ഇപ്പോൾ രാഷ്‌ട്രീയത്തിന്‍റെയും ഭാഗമാവുകയാണ്, കൊടിയും മുദ്രാവാക്യവും പ്ലക്കാർഡും പോലെ. രാഷ്‌ട്രീയ പാർട്ടികളുടെ ചിഹ്നങ്ങൾ പ്രിന്‍റ് ചെയ്ത മാസ്കുകൾക്കാണ് പ്രിയമേറെ.
ചെഗുവേരയുടെയും നരേന്ദ്ര മോദിയുടെയും ചിത്രങ്ങൾ മാസ്കുകളിൽ നിറഞ്ഞു നിൽക്കുന്നു. ഇനി മുദ്രാവാക്യം പ്രിന്‍റ് ചെയ്യണമെങ്കിൽ അതും റെഡി. പാർട്ടിയുടെ പരിപാടികൾക്കും പ്രചരണത്തിനും എല്ലാം ഒഴിച്ചുകൂടാനാവത്തയായി രാഷ്‌ട്രീയ മാസ്കുകൾ മാറിക്കഴിഞ്ഞു.
ടീ ഷർട്ടിലും മറ്റും പാർട്ടി ചിഹ്നങ്ങളും നേതാക്കളുടെ ചിത്രങ്ങളും പ്രിന്‍റ് ചെയ്തിരുന്നവർ ഇപ്പോൾ മാസ്ക് പ്രിന്‍റിങിലേക്കാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്ഥാപനങ്ങളുടെ പരസ്യങ്ങളും മാസ്‌കുകളിലേക്ക് മാറി കഴിഞ്ഞു. മിക്ക കടകളും സ്ഥാപനങ്ങളും ഉപഭോക്തകൾക്ക് പരസ്യം പതിച്ച മാസ്കുകൾ നൽകുന്നുണ്ട്. 35 രൂപ വരെയാണ് ഒരു മാസ്കിന് ചിലവ് .