തിരുവനന്തപുരം : എസ്‌എഫ്‌ഐ നേതാവ് പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകയും മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളും ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ കേസ്. ആര്‍ഷോയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. എറണാകുളം മഹാരാജാസ് കോളജ് മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, കോളജ് പ്രിൻസിപ്പാള്‍ വിഎസ് ജോയ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, ഫാസിൽ സി എ, മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാർ തുടങ്ങിയവര്‍ക്കെതിരെയാണ് കേസ്.
ഇന്ത്യൻ ശിക്ഷാനിയമത്തിലെ (ഐപിസി) 120-ബി, 465, 469, 500 (ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, അപകീർത്തിപ്പെടുത്തൽ), 2011ലെ കേരള പൊലീസ് (കെപി) ആക്‌ട് 120 (ഒ) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തന്നെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും ഉദ്ദേശിച്ച് മഹാരാജാസ് കോളജ് മുൻ കോ-ഓർഡിനേറ്റർ വിനോദ് കുമാർ, കോളജ് പ്രിൻസിപ്പാള്‍ വിഎസ് ജോയ് എന്നിവര്‍ താന്‍ രജിസ്റ്റർ ചെയ്‌തിട്ടില്ലാത്ത പരീക്ഷയുടെ റിസള്‍ട്ട് പ്രസിദ്ധപ്പെടുത്തുകയായിരുന്നു എന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിലൂടെയും മറ്റും തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചെന്നാണ് മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാർ, കെഎസ്‌യു നേതാക്കള്‍ എന്നിവർക്കെതിരെയുള്ള പരാതി.
പരീക്ഷയില്‍ പിഎം ആര്‍ഷോ വിജയിച്ചതായും എന്നാല്‍ മാര്‍ക്ക് പൂജ്യമാണെന്നും കാണിക്കുന്ന മാര്‍ക്ക് ലിസ്റ്റ് കോളജിന്‍റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതോടെയാണ് എസ്‌എഫ്‌ഐ നേതാവിന്‍റെ മാര്‍ക്ക് ലിസ്റ്റ് വിവാദമായത്. എന്നാല്‍ താൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അതിനാൽ താൻ പരീക്ഷ എഴുതിയില്ലെന്നും ആർഷോ അവകാശപ്പെട്ടു.
തുടക്കത്തിൽ, ആർഷോ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തതായി പ്രിൻസിപ്പാള്‍ പറഞ്ഞെങ്കിലും പിന്നീട് ഇത് എൻഐസിയുടെ ഭാഗത്തെ സാങ്കേതിക പിശകാണെന്നും മറ്റ് നിരവധി വിദ്യാർഥികൾക്കും ഇത്തരമൊരു പ്രശ്‌നമുണ്ടെന്നും പറഞ്ഞു. ആർഷോയുടെ അവകാശവാദങ്ങൾ ശരിയാണെന്നും ആര്‍ഷോ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, മാധ്യമപ്രവര്‍ത്തകയ്‌ക്ക് എതിരായ നടപടി ജനാധിപത്യ വിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് കേരള വർക്കിങ് ജേണലിസ്റ്റ് യൂണിയൻ പ്രതികരിച്ചു.
മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എംബി രാജേഷ് : അതേസമയം പിഎം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ് രംഗത്തുവന്നിരുന്നു. മാധ്യമങ്ങളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു എംബി രാജേഷിന്‍റെ പ്രതികരണം. അസംബന്ധങ്ങള്‍ പറയുന്നതിന് അതിരുവേണമെന്ന് മന്ത്രി കുറ്റപ്പെടുത്തി. ആദ്യം വസ്‌തുതാവിരുദ്ധമായ കാര്യം പറഞ്ഞ പ്രിന്‍സിപ്പാള്‍ അത് തിരുത്തി. പക്ഷേ ആ തിരുത്തല്‍ അല്ല ആദ്യം പറഞ്ഞതാണ് വിശ്വസിപ്പിക്കേണ്ടത് എന്ന് പറയുന്ന മാധ്യമങ്ങള്‍ക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്. വസ്‌തുത വ്യക്തമായാലെങ്കിലും നേരോ നെറിയോ ഉണ്ടെങ്കിൽ മാധ്യമങ്ങൾ ആർഷോയ്‌ക്കെതിരെയുള്ള വാർത്ത പിൻവലിക്കണമായിരുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.