തിരുവനന്തപുരം: ഫ്ലാറ്റ് പൊളിക്കുന്നതിലെ ആശങ്കകൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ച് മരട് നിവാസികൾ. മരട് നഗരസഭ ചെയർപേഴ്സൺ ടി.എച്ച് നദീറയുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽ കണ്ടത്. മുഖ്യമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ഫ്ലാറ്റുകൾ സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകളെ കുറിച്ചും ഇൻഷുറൻസിലെ അവ്യക്തതകളെ കുറിച്ചും മുഖ്യമന്ത്രിയോട് സംസാരിക്കുന്നതിനാണ് കൂടിക്കാഴ്‌ച നടത്തിയത്.
ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടതായി കൂടിക്കാഴ്ച്ചക്ക് ശേഷം ടി.എച്ച് നദീറ മാധ്യമങ്ങളോട് പറഞ്ഞു. പരിശോധിക്കാമെന്ന് മുഖ്യമന്ത്രി കൂടിക്കാഴ്ചയിൽ ഉറപ്പുനൽകിയതായും സംഘം വ്യക്തമാക്കി. മരട് നഗരസഭയുടെ കൗൺസിലർമാരും ഫ്ലാറ്റുകളുടെ സമീപനങ്ങളിൽ താമസിക്കുന്നവരുമാണ് കൂടിക്കാഴ്‌ചയില്‍ പങ്കെടുത്തത്.