തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പ്രതിനിധി സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് സിപിഐ. സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് എംഎല്‍എയും സര്‍ക്കാര്‍ ചീഫ് വിപ്പുമായ കെ.രാജന്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്‍ദേശ പ്രകാരമായിരുന്നു കൂടിക്കാഴ്ച. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജന്‍ പാര്‍ട്ടിയുടെ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയില്‍ നിന്ന് അനുകൂല പ്രതികരണമുണ്ടായെന്നാണ് സൂചന.
മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലാണെന്ന നിലപാടിലാണ് സിപിഐ. ഒക്ടോബര്‍ 29,30 തീയതികളില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം സംഭവത്തെ വ്യാജ ഏറ്റുമുട്ടലാണെന്ന് വിലയിരുത്തിയിരുന്നു.
ഇതോടെ ഏറ്റുമുട്ടലിനെ ന്യായീകരിച്ച മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി. സര്‍ക്കാരിനെ വെട്ടിലാക്കി പ്രതിനിധി സംഘത്തെ സംഭവ സ്ഥലത്തേക്കയച്ചതോടെ സിപിഐ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്ന ശക്തമായ സൂചന നല്‍കി. ഇതിന് പുറമേയാണ് ഇപ്പോള്‍ സിപിഐ പ്രതിനിധി മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് സംഭവത്തില്‍ മജ്‌സ്‌ട്രേറ്റ്തല അന്വേഷണം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് സിപിഐ വിലിയിരുത്തല്‍. അല്ലെങ്കില്‍ പ്രത്യക്ഷ സമരം ഉള്‍പ്പെടെ മറ്റ് കടുത്ത നടപടികളിലേക്ക് കടക്കുന്നത് സംബന്ധിച്ച ആലോചനയിലാണ് പാര്‍ട്ടി.