തിരുവനന്തപുരം: ഇടതു സ്ഥാനാർഥിക്കെതിരെ സിപിഎമ്മിലെ ജില്ലാ പഞ്ചായത്തംഗവും മത്സരിക്കുന്നു. മംഗലപുരം പഞ്ചായത്തിലെ വരിക്കമുക്ക് വാർഡിൽ ഇടത് മുന്നണി സ്ഥാനാർഥിക്കെതിരെ ജില്ലാ പഞ്ചായത്തംഗം ഉൾപ്പെടെ രണ്ടു വിമതർ മത്സര രംഗത്ത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയിൽ മുരുക്കുംപുഴ ജില്ലാ ഡിവിഷനിൽ നിന്നും ജയിച്ച സിപിഎമ്മിലെ എസ്. കവിതയും സിപിഎമ്മിന്‍റെ സജീവ പ്രവർത്തകയായ എം. സജീനയുമാണ് വിമതരായി മത്സരിക്കുന്നത്. സിഐറ്റിയു ഏരിയാ കമ്മിറ്റി അംഗവും സിഡിഎസ് ചെയർപേഴ്‌സണുമാണ് എം. സജീന. ഇവിടെ ഇടതു മുന്നണിയിലെ ജനതാദൾ (എസ്)ന്‍റെ സ്ഥാനാർഥിക്കാണ് സീറ്റ് നൽകിയിരിക്കുന്നത്. 2010- 15ൽ മംഗലപുരം പഞ്ചായത്ത് പ്രസിഡന്‍റായും അതിന് മുൻപ് വരിക്കമുക്ക് വാർഡംഗമായും കവിതയെ തെരഞ്ഞെടുത്തിരുന്നു. മന്ത്രിയടക്കം സിപിഎമ്മിലെ പ്രമുഖർ ആവശ്യപ്പെട്ടിട്ടും സ്ഥാനാർഥിത്വത്തിൽ നിന്നും കവിത പിന്മാറാൻ തയ്യാറായില്ല. കുടുംബശ്രീയിലും തോന്നയ്ക്കൽ അഗ്രികൾച്ചറൽ സൊസൈറ്റിയിലും പ്രവർത്തന പരിചയമുള്ള സജീന 2010ൽ മുരുക്കുംപുഴ വാർഡിൽ സിപിഎം സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
രണ്ടു പേർ വിമതരായെത്തിയത് സിപിഎം പ്രാദേശിക ഘടകത്തെ ആശയകുഴപ്പത്തിലാക്കുന്നു. കൂടാതെ, കവിതക്ക് ഏതാനും സിപിഎം നേതാക്കളുടെ പിന്തുണയുള്ളതായി സൂചിപ്പിക്കുന്ന വീഡിയോകളും ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. ജനതാദൾ (എസ്)നെ തോൽപ്പിച്ച് സിപിഎമ്മിന് സീറ്റ് തിരികെ പിടിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ. എന്നാൽ, ഇടതുപക്ഷ ജനാതിപത്യ മുന്നണി ജനദാദൾ (എസ് )ലെ മംഗലപുരം ഷാഫിയെ മാത്രമെ സ്ഥാനാർഥി ആയി നിശ്ചയിച്ചിട്ടുള്ളുവെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നവരെ പുറത്താക്കുന്നതുൾപ്പടെ കർശന നടപടി സ്വീകരിക്കുമെന്നും സിപിഎം വരിക്കമുക്ക് ബ്രാഞ്ച് സെക്രട്ടറി വിധീഷ് പറഞ്ഞു. നിലവിലെ വരിക്കമുക്ക് വാർഡ് മെമ്പറായ ജനദാദൾ (എസ്)ലെ സിന്ധു സി.പി. തോന്നയ്ക്കൽ വാർഡിലെ സിപിഎം സ്ഥാനാർഥിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മൽസര രംഗത്ത് ഉളളതും ശ്രദ്ധേയമാണ്. സിപിഎം വിമത സ്ഥാനാർഥികളെ പിൻവലിച്ചില്ലെങ്കിൽ മത്സര രംഗത്ത് നിന്നും പിന്മാറുമെന്ന് വരിക്കമുക്കിലെ ഇടത് മുന്നണി സ്ഥാനാർഥിയായ മംഗലപുരം ഷാഫി സിപിഎം നേതാക്കളോട് പറഞ്ഞു. മംഗലപുരം ഷാഫിയുടെ നിർദേശപ്രകാരമാണ് നിലവിലെ വാർഡ് മെമ്പറായ സിന്ധു സി.പിയെ വിമതയായി മത്സരിക്കാൻ തെരഞ്ഞെടുത്തതെന്നും ആക്ഷേപം ഉയരുന്നുണ്ട്.