തിരുവനന്തപുരം: വില്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന മാൻകൊമ്പും കഞ്ചാവുമായി ഓട്ടോഡ്രൈവറെ കോവളത്ത് അറസ്റ്റുചെയ്തു. കോവളം തൊഴിച്ചൽ ആവാടുതുറ മായക്കുന്ന് സ്വദേശി വിജി വിക്രമനെയാണ്(38) നെയ്യാറ്റിൻകര റെയ്ഞ്ചിലെ എക്‌സൈസ് വിഭാഗം അറസ്റ്റുചെയ്തത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ താമസ സ്ഥലത്ത് ഇന്നലെ(18.02.2022) വൈകിട്ട് നടന്ന പരിശോധനയിലാണ് രണ്ട് വർഷത്തോളം പഴക്കമുളള മാൻകൊമ്പും 100 ഗ്രാം കഞ്ചാവും കണ്ടെടുത്തത്.
വീട്ടിനുളളിലെ അലമാരയിലായിരുന്നു മുക്കാൽ മീറ്ററോളം നീളമുളള മാൻ കൊമ്പ് കണ്ടെത്തിയത്. എക്‌സൈസ് അധികൃതർ മാൻകൊമ്പ് കസ്റ്റഡിയിലെടുത്തു. കോവളത്ത് നിന്ന് ഓട്ടോറിക്ഷയിൽ വിതുരഭാഗത്ത് സവാരിപോയപ്പോൾ തനിക്ക് കിട്ടിയതെന്നാണ് ഇയാൾ എക്‌സൈസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.
കോവളം ഭാഗത്ത് സ്‌കൂൾ കുട്ടികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്‍ക്കുന്നുവെന്ന വിവരത്തെ തുടർന്ന് എക്‌സൈസ് വിഭാഗം കഴിഞ്ഞ ഒന്നരയാഴ്ചയായി കോവളം, ആഴാകുളം തൊഴിച്ചൽ, മായക്കുന്ന് എന്നിവിടങ്ങളിൽ രഹസ്യാന്വേഷണം നടത്തിയിരുന്നു. വിജി വിക്രമനുൾപ്പെട്ട സംഘമാണ് കഞ്ചാവ് വിൽപ്പനയെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് എക്‌സൈസ് സംഘം ഇയാളുടെ താമസ സ്ഥലത്ത് പരിശോധന നടത്തിയത്.
ആദ്യ പരിശോധനയിൽ 50 ഗ്രാം കഞ്ചാവായിരുന്നു കണ്ടെത്തിയിരുന്നത്. തുടർന്ന് ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് അലമാരയ്ക്കുളളിൽ കഞ്ചാവുളളതായി വെളിപ്പെടുത്തിയത്. ഉദ്യോഗസ്ഥർ നടത്തിയ തുടർ പരിശോധനയിലാണ് പേപ്പറിനുളളിൽ പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന മാൻകൊമ്പും കണ്ടെത്തിയത്.
പിടിച്ചെടുത്ത മാൻ കൊമ്പ് വനം വകുപ്പ് അധികൃതർക്ക് കൈമാറുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു. എക്‌സൈസിന്‍റെ നെയ്യാറ്റിൻകര റെയ്ഞ്ച് ഇൻസ്‌പെക്ടർ എൽ.ആർ.അഭിലാഷ്, അസി.ഇൻസ്‌പെക്ടർ സജിത് കുമാർ, പ്രിവന്‍റീവ് ഒഫീസർ സനൽകുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രസന്നൻ, അനീഷ്, അഖിൽ, ഹരികൃഷ്ണൻ, നുജു, സുരേഷ്, വനിതാ ഓഫീസർ വിഷ്ണുശ്രീ എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.
ALSO READ: രണ്ടരവയസുള്ള മകളെ പീഡിപ്പിച്ച അച്ഛന് ജീവപര്യന്തം ശിക്ഷ