തിരുവനന്തപുരം: ഫോർട്ട് പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ എടുത്തയാൾ മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു. സംഭവം അന്വേഷിക്കുന്ന തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസ ഫോർട്ട് സ്റ്റേഷനിൽ എത്തി തെളിവുകൾ ശേഖരിച്ചു. വൈകീട്ട് നാല് മണിയോടെയായിരുന്നു തെളിവെടുപ്പ്. കസ്റ്റഡിയിൽ എടുത്ത അൻസാരി തൂങ്ങി മരിച്ച സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെ ശുചിമുറി അടക്കമുള്ളവ പരിശോധിച്ചു. കേസിൽ ക്രൈം ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. രാവിലെ സ്റ്റേഷനിൽ എത്തി ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. ക്രൈംബ്രാഞ്ച് ഐ.ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
ഞായറാഴ്ചയാണ് മോഷണക്കുറ്റത്തിന് കസ്റ്റഡിയിൽ എടുത്ത കരിമഠം സ്വദേശി അൻസാരി (37) പൊലീസ് സ്റ്റേഷനിലെ ശിശു സൗഹൃദ കേന്ദ്രത്തിലെ ശുചി മുറിയിൽ തൂങ്ങി മരിച്ചത്. അൻസാരിയുടേത് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിൽ മർദനമേറ്റ പാടുകൾ ഒന്നും കണ്ടെത്തിയിട്ടില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് വരുന്നതോടെ സംഭവത്തിൽ കുടുതൽ വ്യക്തവരുമെന്നാണ് വിലയിരുത്തൽ.