കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി. അഭിഭാഷകനായ ബിജു മോഹനാണ് കൊച്ചിയിലെ ഡിആർഐ ഓഫീസിലെത്തി കീഴടങ്ങിയത്. ഇയാളുടെ അഭിഭാഷകനോടൊപ്പം എത്തിയാണ് കീഴടങ്ങിയത്. ഇയാളെ ഡിആർഐ ഓഫീസിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തി ബിജുവിനെ കോടതിയിൽ ഹാജരാക്കും. ഇന്നലെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ബിജു കീഴടങ്ങുമെന്ന വിവരം കോടതിയെ അറിയിച്ചിരുന്നു.
മെയ് പതിമൂന്നിന് എട്ട് കോടി രൂപ വില വരുന്ന 25 കിലോ സ്വർണവുമായി സുനിൽ കുമാറും സെറീന ഷാജിയും പിടിയിലായതോടെയാണ് സ്വർണക്കടത്തിന്‍റെ വിവരങ്ങൾ പുറത്തു വന്നത്. കസ്റ്റംസ് ചോദ്യം ചെയ്യലിൽ ബിജുവിന്‍റെ നിർദേശ പ്രകാരമാണ് സ്വർണക്കടത്ത് നടത്തിയതെന്ന് ഇവർ മൊഴി നല്‍കി. ബിജു നിരവധി സ്വർണക്കടത്ത് കേസുകളിൽ പ്രതിയാണെന്ന് ഡിആർഐ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്കായാണ് സ്വര്‍ണം കടത്തിയതെന്ന് ഡിആര്‍ഐ കണ്ടെത്തി. മുഹമ്മദലിയും സഹായിയും ഒളിവിലാണ്.