തിരുവനന്തപുരം: കേരളത്തിനെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുപിയിലെ പട്ടിണിക്കൂനയുടെ മുകളിൽ കയറിയിരുന്നാണ് കേരളം പോലെ ആകാതിരിക്കാൻ വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് പറയുന്നതെന്ന് എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.
'നീതി ആയോഗ് കണക്കനുസരിച്ച് യുപി ജനസംഖ്യയിലെ 37.79 ശതമാനം പേർ ദരിദ്രരാണ്. അതായത് ഏകദേശം ഒൻപത് കോടി മനുഷ്യർ അന്നത്തെ അന്നത്തിന് വകയില്ലാതെ കഷ്ടപ്പെടുന്നു. യുപിയിലെ പട്ടിണിക്കാർ തന്നെ കേരളത്തിലെ ജനസംഖ്യയുടെ മൂന്നിരട്ടി വരും. ഇന്ത്യയിലെ ബഹുഭൂരിപക്ഷം പട്ടിണിക്കാരും ബീഹാർ, യുപി, മധ്യപ്രദേശ്, അസം എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളിൽ നിന്ന് പട്ടിണി പോയാൽ ഇന്ത്യ ഏതാണ്ട് പട്ടിണിയില്ലാത്ത രാജ്യമാകും.
ഇന്ത്യയിൽ ദരിദ്രർ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. 0.79 ശതമാനം പേർ. അതും കുറച്ചു കൊണ്ടുവരാനുള്ള കഠിനശ്രമത്തിലാണ് നമ്മൾ. അപ്പോഴാണ് ഈ പട്ടിണിക്കൂനയുടെ മുകളിൽ കയറിയിരുന്ന് ആദിത്യനാഥ് പറയുന്നത് യുപി കേരളം ആകാതിരിക്കാൻ വോട്ടുചെയ്യുക എന്ന്' - എം.എ ബേബി ഫേസ്ബുക്കിൽ കുറിച്ചു.