തിരുവനന്തപുരം: ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്‌പീക്കര്‍ക്കും എതിരാായ രഹസ്യമൊഴി സ്വപ്‌ന സുരേഷിനെ ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് സിപിഎം നേതാവ് എം.എ.ബേബി. മകളെ കോഫെപോസ നിയമ പ്രകാരം ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സ്വപ്ന സുരേഷിൽ നിന്നും ഇത്തരമൊരു മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയത്. ഈ മൊഴി ആയുധമാക്കിയാണ് കേരളത്തിലെ സര്‍ക്കാരിനെ ഭീഷണിപ്പെടുത്തുന്നത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളെ തടയാനാണ് ശ്രമം നടക്കുന്നതെന്നും അതിനെ നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയ താൽപര്യത്തിന് വഴങ്ങുകയാണ്. ഇത് കേരളത്തില്‍ നടക്കില്ലെന്നും എം.എ.ബേബി പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വ്യക്തിഹത്യ നടത്താന്‍ കേന്ദ്ര ഏജന്‍സികൾ രാഷ്ട്രീയ കള്ളക്കളി നടത്തുന്നവെന്നാരോപിച്ച് എല്‍ഡിഎഫ് തിരുവനന്തപുരത്ത് കസ്റ്റംസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എ.ബേബി.