തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിലുണ്ടായ സംഘർഷങ്ങളിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് എം വിൻസെൻ്റ് എംഎൽഎ. വിഴിഞ്ഞം സമര വിഷയത്തില്‍ നിയമസഭയിൽ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോഴാണ്, സംഘർഷം തടയുന്നതില്‍ പൊലീസിനുണ്ടായ വീഴ്ചയില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വിൻസെൻ്റ് ആവശ്യപ്പെട്ടത്.
വിഴിഞ്ഞത്ത് സംഘർഷമുണ്ടാകുമെന്ന് മുൻകൂട്ടി മനസിലാക്കുന്നതില്‍ ഇൻ്റലിജൻസ് വിഭാഗം പരാജയപ്പെട്ടു. സമരപ്പന്തലിൽ ആളെത്തുന്നതുവരെ കല്ലുമായെത്തിയ ലോറി തടഞ്ഞിട്ടു. ഇത്തരത്തിൽ പൊലീസ് സംഘർഷമുണ്ടാകുന്നതിനായി ഇടപെട്ടുവെന്നും വിൻസെൻ്റ് ആരോപിച്ചു.
ഇക്കാര്യങ്ങളിൽ സത്യം പുറത്ത് വരണം. സത്യം മൂടിവയ്ക്കാനല്ല പുറത്തുകൊണ്ടുവരാൻ അന്വേഷണം നടത്തണം. സർക്കാർ സമരം ചെയ്യുന്ന മത്സ്യ തൊഴിലാളികളെ ശത്രുക്കളായി കാണുകയാണ്. കേരളത്തിൻ്റെ സൈന്യം എന്ന് പറഞ്ഞവരെ മന്ത്രിമാരടക്കം ഇപ്പോൾ രാജ്യദ്രോഹികളെന്നാണ് പറയുന്നത്. സിമൻ്റ് ഗോഡൗണിലാണ് ഇപ്പോൾ മത്സ്യ തൊഴിലാളികൾ കിടക്കുന്നതെന്നും എം വിൻസെന്‍റ് ചൂണ്ടിക്കാട്ടി.
മന്ത്രിമന്ദിരങ്ങൾ മോടി കൂട്ടാൻ കോടികൾ ചെലവാക്കുന്നവർ ഈ ദുരന്തം കാണുന്നില്ല. ആരും കരഞ്ഞ് പോകുന്ന സാഹചര്യമാണ്. സർക്കാർ ഇത് കാണുന്നില്ല. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന് യുഡിഎഫിന് അഭിപ്രായമില്ല. സമവായത്തിലൂടെ വികസനം വേണം. മഞ്ഞക്കല്ലുമായെത്തി തലയ്ക്കടിക്കുകയല്ല വേണ്ടത്. മുഖ്യമന്ത്രി ചർച്ചകൾക്ക് മുൻകൈയെടുത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കണമെന്നും വിൻസെൻ്റ് ആവശ്യപ്പെട്ടു.