തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറബിക്കടലില്‍ ജൂണ്‍ അഞ്ചാം തീയതിയോടെ രൂപപ്പെടുന്ന ന്യൂനമര്‍ദത്തിന്‍റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് മഴ ലഭിക്കുക. അറബിക്കടലില്‍ വടക്ക് പടിഞ്ഞാറായി രൂപപ്പെടുന്ന ന്യൂനമര്‍ദം ചുഴലിക്കാറ്റായി രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാന വ്യാപകമായി തന്നെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതോടെ മഴയും ശക്തമാകും.
മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം: അതേസമയം, ഇന്നും നാളെയും കേരള -കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. കേരള - കര്‍ണാടക തീരങ്ങളിലും ലക്ഷദ്വീപ് പ്രദേശത്തും മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥക്കും സാധ്യതയുണ്ട്. അതിനാലാണ് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയത്.
മാലിദ്വീപ് പ്രദേശം, തെക്ക്- കിഴക്കന്‍ അറബിക്കടല്‍, മധ്യ-അറബിക്കടലിന്‍റെ തെക്കു ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരത്തിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്. ജൂണ്‍ അഞ്ച് മുതല്‍ ഏഴുവരെ തെക്ക് കിഴക്കന്‍ അറബിക്കടല്‍, മധ്യ അറബിക്കടലിന്‍റെ തെക്ക് ഭാഗങ്ങള്‍, ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.
ഇന്ന് മുതല്‍ ജൂണ്‍ ഏഴുവരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്കന്‍ തമിഴ്‌നാടന്‍ തീരം, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. അതിനാല്‍ ഈ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.
കാലവര്‍ഷം നാളെ എത്താന്‍ സാധ്യതയില്ല: സംസ്ഥാനത്ത് നേരത്തെ പ്രഖ്യാപിച്ചതു പോലെ കാലവര്‍ഷം നാളെ എത്താന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിലവിലെ വിലയിരുത്തല്‍. ഒന്നോ രണ്ടോ ദിവസം വൈകുമെന്നാണ് നിലവിലെ വിലയിരുത്തല്‍. നിലവില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ മാലിദ്വീപ്, കന്യാകുമാരി കടല്‍, ശ്രീലങ്ക, ലക്ഷദ്വീപ് തുടങ്ങിയ ഭാഗങ്ങളില്‍ പ്രവേശിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ലക്ഷദ്വീപില്‍ മുഴുവനായി കാലവര്‍ഷം വ്യാപിച്ചിട്ടില്ല. കാലവര്‍ഷകാറ്റ് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ കേരള തീരത്തേക്ക് പ്രവേശിക്കുമെന്നാണ് വിലയിരുത്തല്‍.