തിരുവനന്തപുരം: സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റ് വില 10 രൂപ വർധിപ്പിച്ചു. ഇതോടെ ലോട്ടറി ടിക്കറ്റുകളുടെ വില 30 രൂപയിൽ നിന്ന് 40 രൂപയായി ഉയർന്നു. ഇതു സംബന്ധിച്ച ധനമന്ത്രാലയത്തിന്‍റെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്തെ ലോട്ടറി ടിക്കറ്റിന് വില വർധനവ് നടപ്പിലാക്കാനുള്ള നീക്കം ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തില്‍ നിന്ന് 28 ശതമാനമാക്കി ഉയര്‍ത്താന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ലോട്ടറി വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം ആരംഭിച്ചത്.
ലോട്ടറി വില വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച് അഭിപ്രായം തേടി ജനുവരി മൂന്നിന് ധനമന്ത്രി ലോട്ടറി തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. യോഗത്തില്‍ വര്‍ധന 35 രൂപയാക്കാമെന്ന് ചില സംഘടനാ നേതാക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും 40 രൂപയാക്കും എന്ന സൂചനയാണ് യോഗത്തില്‍ ധനമന്ത്രി നല്‍കിയിരുന്നത്. എന്നാല്‍ ടിക്കറ്റ് നിരക്ക് 40 രൂപയാക്കിയാല്‍ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നും ഇത് വന്‍ വരുമാന നഷ്ടത്തിനിടയാക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
30 രൂപ നിരക്കില്‍ ഒരു ദിവസം ലോട്ടറി വില്‍പ്പനയിലൂടെ ലഭിക്കുന്നത് 32 കോടി രൂപയാണ്. 1.05 കോടി ടിക്കറ്റുകളാണ് ഒരു ദിവസം അച്ചടിക്കുന്നത്. അതേസമയം ലോട്ടറി നിരക്ക് 40 രൂപയാകുമ്പോള്‍ വില്‍പ്പന ഇപ്പോഴത്തേതു പോലെ നടക്കുമോ എന്ന ആശങ്കയും ലോട്ടറി വകുപ്പിനുണ്ട്.