തിരുവനന്തപുരം : മാറ്റിവയ്‌ക്കാൻ മേരിയോട് പറഞ്ഞേൽപ്പിച്ച വിഷു ബമ്പർ ലോട്ടറി ടിക്കറ്റ് വാങ്ങാൻ ഒടുവിൽ കാർത്തിക് എത്തി. അതും ജീവൻ നഷ്‌ടപ്പെടുമായിരുന്ന ഒരു വാഹനാപകടത്തെ അതിജീവിച്ച്. ടിക്കറ്റ് മാറ്റിവയ്‌ക്കാൻ പറഞ്ഞേൽപ്പിച്ചുപോയ ദിവസം ബൈക്കപകടത്തിൽപ്പെട്ട കാർത്തിക്, പിന്നീട് ഒരു മാസത്തിന് ശേഷമാണ് മേരിയെ കാണാനെത്തിയത്.
മറ്റാർക്കും കൊടുക്കാതെ കാത്തുവച്ച ടിക്കറ്റ് സ്‌നേഹത്തോടെ മേരി കാർത്തിക്കിന് കൈമാറി. ഒപ്പം സമ്മാനമടിക്കുമെന്ന ആശംസയും. ആൾക്കൂട്ടത്തിനിടയിലും തിരക്കിലും തമ്മിലറിയാതെ പോകുന്ന മനുഷ്യർ ഈ യുവാവിൻ്റെ നന്മയും ലോട്ടറിക്കച്ചവടക്കാരിയായ ഈ വൃദ്ധമാതാവിൻ്റെ മനസും കാണണം.
അപൂർവ സൗഹൃദത്തിന്‍റെ കഥ : കാഞ്ഞിരംകുളം സ്വദേശിനിയാണ് മേരി. ഈ പ്രായത്തിലും ഉപജീവനത്തിനായി കഷ്‌ടപ്പെടുന്ന മേരിയെ സഹായിക്കാൻ വേണ്ടി മാത്രമാണ് വഞ്ചിയൂർ സ്വദേശിയായ കാർത്തിക് ലോട്ടറിയെടുത്തത്. സ്വകാര്യ ഹോട്ടലിൽ സെയിൽസ് മാനേജരാണ് കാർത്തിക്.
ലോട്ടറി വാങ്ങിയുള്ള പരിചയം മാത്രമാണ് ഇവർ തമ്മിൽ. ഏപ്രിൽ 21നാണ് വിഷു ബമ്പറിൻ്റെ ഒരു ടിക്കറ്റ് തെരഞ്ഞെടുത്ത് മാറ്റിവയ്ക്കാൻ കാർത്തിക് മേരിയോട് പറഞ്ഞേൽപ്പിച്ച് പോയത്. പോകുംവഴി ആയുർവേദ കോളജിന് സമീപത്ത് അപകടത്തിൽപ്പെട്ട കാർത്തിക്കിന് ഭാഗ്യം കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.
ബൈക്കിന് മുകളിലൂടെ ബസ് കയറിയിറങ്ങിയെങ്കിലും തെറിച്ചുവീണ കാർത്തിക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിന്നീട് തിരക്കിലായി പോയതിനാൽ മേരിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കാർത്തിക് വന്നില്ലെങ്കിൽ മാറ്റിവച്ച ടിക്കറ്റ് എന്തുചെയ്യുമെന്ന് മേരി ആലോചിച്ചിരിക്കെയാണ് നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്. വിശേഷങ്ങൾ ചോദിച്ചറിഞ്ഞ് സന്തോഷപൂർവം ടിക്കറ്റ് കൈമാറിയപ്പോൾ കണ്ടുനിന്നവർക്കും കൗതുകക്കാഴ്‌ചയായി.
രണ്ട് പെൺമക്കളെ വിവാഹം കഴിപ്പിച്ചയച്ചതിൻ്റെ കടം തീർക്കാനാണ് മേരി ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. ഭർത്താവ് രോഗിയാണ്. ലോട്ടറി വിറ്റ് കിട്ടുന്ന വരുമാനമാണ് ഇവരുടെ ഏക ഉപജീവനമാർഗം. വാർധക്യത്തിലും കിലോമീറ്ററുകൾ നടന്നാണ് കച്ചവടം. എങ്കിലും അഭിമാനത്തോടെ ജോലി ചെയ്യുന്നു. ഇതിനിടെ ഉപാധികളില്ലാത്ത ഇത്തരം സഹായമനസ്‌കർ ഏത് പൊരിവെയിലത്തും പെരുമഴയിലും ആശ്വാസവും ജീവിക്കാൻ ധൈര്യവും ഏകുന്നുവെന്ന് മേരി പറയുന്നു.