തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനര്‍ഹര്‍ക്ക് പണം വകമാറ്റിയെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പറയാതെ കേസ് ലോകായുക്ത ഫുള്‍ ബഞ്ചിന് കൈമാറി. കേസ് പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദ് എന്നിവര്‍ ഭിന്ന വിധിയില്‍ ഉറച്ചു നിന്നതോടെ വിധി പറയുന്നതിനു പകരം കേസ് മൂന്നംഗ ഫുള്‍ ബഞ്ചിനു കൈമാറുകയായിരുന്നു.
സേവ് യൂണിവേഴ്‌സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍, 2018ല്‍ നല്‍കിയ ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം വാദം പൂര്‍ത്തിയാക്കിയിട്ടും കേസ് വിധി പറയാതെ നീട്ടി വയ്ക്കുകയായിരുന്നു. ഇതിനെതിരെ ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അടിയന്തിരമായി വിധി പറയാന്‍ ഹൈക്കോടതി ലോകായുക്തയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേസ് നിയമപരമായി നിലനില്‍ക്കുമോ എന്ന് ഫുള്‍ ബഞ്ച് ചേര്‍ന്ന് തീരുമാനിച്ച ശേഷം കേസിന്റെ വിചാരണയിലേക്ക് കടക്കാനാണ് തീരുമാനം.
വിധി മുഖ്യമന്ത്രിക്കെതിരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. ലോകായുക്തയുടെ വിശ്വാസ്യത അങ്ങേയറ്റം തകര്‍ക്കുന്ന വിധിയാണിതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കെ.ടി.ജലീല്‍ ലോകായുക്തയെ ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിന്റെ ഫലം ഇപ്പോഴാണ് പുറത്തു വന്നതെന്നും ഭിന്ന വിധിയായിരുന്നെങ്കില്‍ ഇത്രയും കാലം ഈ വിധി എന്തിന് ലോകായുക്ത നീട്ടിക്കൊണ്ടു പോയെന്ന് വ്യക്തമാക്കണം. ഇതില്‍ നിന്ന് ഉദ്ദേശം വ്യക്തമാണ്, ഒന്നുകില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി തുടരുന്നതുവരെ ഈ കേസ് നീട്ടിക്കൊണ്ടു പോകാനുള്ള തന്ത്രം. അല്ലെങ്കില്‍ നിയമസഭ പാസാക്കി ഗവര്‍ണറുടെ പരിഗണനയിലിരിക്കുന്ന ബില്ലില്‍ ഏതു സമയവും ഗവര്‍ണറുമായി ഒത്തു തീര്‍പ്പുണ്ടാക്കി ലോകായുക്ത ബില്ലില്‍ ഒപ്പിടുക. ഏതായാലും ഇതൊരു വിചിത്രമായ വിധിയാണെന്നും ലോകായുക്തയില്‍ ജനങ്ങള്‍ക്ക് അവശേഷിക്കുന്ന വിശ്വാസം കൂടി ഇല്ലാതാക്കുന്നതാണെന്നും സതീശന്‍ ആരോപിച്ചു.
പരാതിയും, പ്രതിപക്ഷ ആരോപണവും: മരണപ്പെട്ട എൻസിപി നേതാവായിരുന്ന ഉഴവൂർ വിജയന്‍റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്കായി 25 ലക്ഷം രൂപയും, ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് സിസ്‌റ്റന്‍റ് എൻജിനീയറായി ജോലിയും പുറമെ പുറമേ ഭാര്യയുടെ സ്വർണ പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്‌പ അടയ്ക്കുന്നതിനും വേണ്ടി എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽ നിന്ന് പരിശോധനയും മന്ത്രിസഭയുടെ കുറിപ്പുമില്ലാതെ നല്‍കിയത് ദുർവിനിയോഗമാണ് എന്നായിരുന്നു ലോകായുക്തയ്ക്ക് മുന്നില്‍ എത്തിയ പരാതി.
കടുത്ത ആരോപണവുമായി കെ സുധാകരൻ: ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന കേസില്‍ എതിര്‍ കക്ഷിയായി മുഖ്യമന്ത്രി പിണറായി വിജയനുള്ള കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷം പിന്നിട്ടിട്ടും വിധി പറയാത്തത് മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഡീല്‍ ഉള്ളതുകൊണ്ടാണോ എന്ന് ചോദ്യം കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉന്നയിച്ചിരുന്നു. കടുത്ത ഭാഷയിലായിരുന്നു മുഖ്യമന്ത്രിക്കും ലോകായുക്തയ്‌ക്കുമെതിരെ സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചത്.
'മുഖ്യമന്ത്രിയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പ് പ്രകാരം, വിധിച്ചാല്‍ പൊതുസേവകന്‍റെ പദവി ആ നിമിഷം തന്നെ തെറിക്കുമെന്ന വ്യവസ്ഥ ഇല്ലാതാക്കിയത്. മുഖ്യമന്ത്രിയുടെ അപ്പലേറ്റ് അതോറിറ്റി നിയമസഭ ആയത് കൊണ്ട് തന്നെ സഭയിലെ ഭൂരിപക്ഷം വച്ച് അനായാസം ഊരിപ്പോരാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക ലോകായുക്തയെ മാതൃകയാക്കണം.
1999-ല്‍ ഇകെ നായനാര്‍ തുടക്കമിട്ട് ഉച്ചിയുറപ്പിച്ച ലോകായുക്തയ്‌ക്ക് മറ്റൊരു കമ്യൂണിസ്‌റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഉദകക്രിയ നടത്തി. മുഖ്യമന്ത്രിയും ലോകായുക്തയും തമ്മില്‍ ഒത്തുകളിച്ചപ്പോള്‍ തിരുത്തല്‍ ശക്തിയായി മാറേണ്ടിയിരുന്നയാളാണ് ഗവര്‍ണര്‍. എന്നാല്‍ അദ്ദേഹം അവരോടൊപ്പം ചേര്‍ന്നത് ബിജെപി - സിപിഎം അന്തര്‍ധാരണയിലെ മറ്റൊരു കറുത്ത അധ്യായമാണ്'- സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു.