തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിൽ റിവ്യൂ ഹർജി ലോകായുക്ത ഡിവിഷൻ ബഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ ഭിന്ന വിധിക്കെതിരായ റിവ്യൂ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. ഉച്ചയ്ക്ക് 12 മണിക്കാണ് നടപടി.
റിവ്യൂ ഹർജിക്ക് ശേഷം രണ്ടരയ്ക്ക് ലോകായുക്ത ഫുൾ ബഞ്ചും കേസ് പരിഗണിക്കും. ഏപ്രിൽ ഒന്നിന് പുറപ്പെടുവിച്ച ഭിന്ന വിധിക്ക് നിയമസാധുത ഇല്ലെന്നായിരുന്നു പരാതിക്കാരനായ ആർ എസ് ശശികുമാറിന്‍റെ വാദം. വിധി പുനഃപരിശോധിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ ഒന്നിന് കേസ് ലോകായുക്ത പരിഗണിച്ചപ്പോൾ ഫുൾ ബഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ അൽ റഷീദും വിഭിന്ന അഭിപ്രായം രേഖപ്പെടുത്തിയതോടെയാണ് ഹര്‍ജി ഫുൾ ബഞ്ചിന് വിട്ടത്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫും അടങ്ങുന്നതാണ് ഫുൾ ബഞ്ച്.
അതേസമയം കേസിലെ റിവ്യൂ ഹർജി ഇന്നലെ ലോകായുക്ത പരിഗണിച്ചപ്പോൾ പരാതിക്കാരനായ ആർ എസ് ശശികുമാറിനെതിരെ രൂക്ഷ വിമർശനമാണ് ലോകായുക്ത ഉന്നയിച്ചത്. മാധ്യമങ്ങളിൽ കേസിനുവേണ്ടി ഹർജിക്കാരൻ ശക്തമായി വാദിക്കുന്നുണ്ട്. ലോകായുക്തയെയും ഉപലോകായുക്തയെയും മുഖ്യമന്ത്രി സ്വാധീനിച്ചുവെന്നും ശരിയായ വിധി ഉണ്ടാകില്ലെന്നും ആണ് പൊതുസമൂഹത്തോട് വിളിച്ചുപറയുന്നത്. ജഡ്‌ജിമാരെ അവഹേളിച്ചും അപമാനിച്ചും സംസാരിക്കുകയാണ്. മുഖ്യമന്ത്രി സ്വാധീനിച്ചത് പരാതിക്കാരന്‍ കണ്ടിട്ടുണ്ടോ. അദ്ദേഹത്തിന്‍റെ സാന്നിധ്യത്തിലായിരുന്നോ സ്വാധീനിക്കല്‍. നേരിൽ കണ്ടിരുന്നെങ്കിൽ അക്കാര്യം ചോദിക്കാമായിരുന്നുവെന്നും ലോകായുക്ത പ്രതികരിച്ചു.
ജഡ്‌ജിമാരെ വിശ്വാസമില്ലെങ്കിൽ കേസുമായി ഇവിടെ വരേണ്ട ആവശ്യമില്ലായിരുന്നു. ഫുൾ ബഞ്ചിൽ നിന്നും അനുകൂല വിധി ഉണ്ടാകില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോ എന്നും ഉപലോകയുക്ത ഹാറൂൺ അൽ റഷീദ് ആരാഞ്ഞു. ലോകായുക്ത സിറിയക് ജോസഫും ശശികുമാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്. ആൾക്കൂട്ട ആക്രമണം ആണ് ജഡ്‌ജിമാർക്കെതിരെ നടത്തുന്നത്.
ജഡ്‌ജിമാരെ അവഹേളിക്കുന്നത് നാട്ടിൽ നടക്കുന്ന കാര്യമല്ല. പേപ്പട്ടി വഴിയിൽ നിൽക്കുമ്പോൾ വായിൽ കമ്പിട്ട് കുത്താതെ മാറി പോകുന്നതാണ് നല്ലത്. അതിനാലാണ് ഇക്കാര്യത്തിൽ കൂടുതൽ മറുപടി പറയാത്തത്. തങ്ങളെ അപമാനിക്കുന്നത് കൊണ്ട് മേൽഗതി ഉണ്ടാകുമെങ്കിൽ അത് തുടർന്നോട്ടെ. ചെയ്യുന്ന കാര്യങ്ങളൊക്കെ ശരിയാണോ എന്ന് ആത്മ പരിശോധന നടത്തണമെന്നും ലോകായുക്ത വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഇഫ്‌താര്‍ വിരുന്നില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇത് ചൂണ്ടിക്കാട്ടി ശശികുമാര്‍ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഹർജി രാവിലെ പരിഗണിച്ചപ്പോൾ ശശികുമാറിന്‍റെ അഭിഭാഷകൻ കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യമുന്നയിച്ചു. കേസ് പരിഗണിക്കുന്ന കാര്യം തലേന്ന് മാത്രമാണ് അറിഞ്ഞതെന്നും സ്ഥിരമായി ഹർജിക്കാരന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടത്തിന് എത്താൻ കഴിയില്ലെന്നും ആയിരുന്നു പകരം ചുമതലപ്പെടുത്തിയ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. എന്നാൽ താങ്കൾക്ക് തന്നെ ഈ കേസ് വാദിച്ചു കൂടെ എന്നായിരുന്നു ഉപലോകായുക്തയുടെ ചോദ്യം. ഹർജിക്കാരൻ എത്തിയിട്ടുണ്ടോയെന്നും ആരാഞ്ഞു. ഇതിന് പിന്നാലെയായിരുന്നു വിമർശനം.