തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ ഇന്ന് നിയമസഭ പാസാക്കും. നേരത്തെ സഭയില്‍ അവതരിപ്പിച്ച ബില്‍ സബ്‌ജക്‌ട് കമ്മറ്റിക്ക് വിട്ടിരുന്നു. സബ്‌ജക്‌ട് കമ്മറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടിയടങ്ങിയ ബില്ലാണ് സഭയില്‍ ഇന്ന് പാസാക്കുക.
അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ഭേദഗതിയിലൂടെ ഒഴിവാക്കുന്നത്. നേരത്തെ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. ഈ ഓര്‍ഡിന്‍സിന്‍റെ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് പുതുക്കിയറക്കിയെങ്കിലും ഇതില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തതോടെയാണ് ബില്ലായി സഭയില്‍ അവതരിപ്പിച്ചത്.
മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുനപരിശോധന അധികാരം നിയമസഭക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എം എല്‍ എമാര്‍ക്ക് എതിരായ വിധി സ്‌പീക്കര്‍ക്കും പരിശോധിക്കാം. സിപിഐ മുന്നോട്ടു വെച്ച ഈ ഭേദഗതി സര്‍ക്കാര്‍ ഔദ്യോഗിക ഭേദഗതിയായി അംഗീകരിക്കുകയായിരുന്നു.
ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്‍റെ വിയോജന കുറിപ്പോടെയാകും ബില്‍ പാസാക്കുക. ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുമോ എന്നുള്ളതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.