തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ലോക്ക് ഡൗൺ സർവീസുകളിൽ വൻ നഷ്ടം. കൊവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന സർവീസുകൾ പുനഃരാരംഭിച്ച ഇന്നലെ 60 ലക്ഷം രൂപയുടെ നഷ്ടമാണ് കെ.എസ്. ആർ.ടി.സിയ്ക്കുണ്ടായത്. കിലോ മീററ്ററിന് ശരാശരി കലക്ഷൻ 16.78 രൂപയാണ്. എന്നാൽ നഷ്ടമാകട്ടെ 28.22 രൂപയും. കഴിഞ്ഞ ദിവസം ആകെ 1319 സർവീസുകളാണ് നടത്തിയത്. 2,12310 കിലോമീറ്റർ സർവീസ് നടത്തി. 35, 32465 രൂപയാണ് ആകെ കലക്ഷൻ ലഭിച്ചത്.
കോഴിക്കോട് മേഖലയിലാണ് ഏറ്റവും കൂടുതൽ കലക്ഷൻ. 207 സർവീസുകൾ നടത്തിയപ്പോൾ 67,1408 രൂപയാണ് ലഭിച്ചത്. എറണാകുളം സോണിൽ 478 സർവീസുകൾ ഓപ്പറേറ്റ് ചെയ്തു. 12,41586 രൂപയാണ് കലക്ഷൻ ഇനത്തിൽ ലഭിച്ചത്. ഏറ്റവും കൂടുതൽ ദൂരം സർവീസ് നടത്തിയ തിരുവനന്തപുരം സോണിൽ 16,19,471 രൂപയായിരുന്നു കലക്ഷൻ.
സാമൂഹിക അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു ബസിൽ പരമാവധി 30 യാത്രാക്കാർക്കാണ് യാത്രാനുമതി. ഇതിനെ തുടർന്ന് ടിക്കറ്റ് ചാർജ് 50ശതമാനം വർധിപ്പിച്ചെങ്കിലും വൻ നഷ്ടമാണ് കെ.എസ്. ആർ.ടി.സിയ്ക്ക് ഉണ്ടായത്. യാത്രാക്കാർ കൂടുതലുള്ള രാവിലെ 7 മുതൽ 11 വരെയും ഉച്ചയ്ക്കു ശേഷം 3 മുതൽ 7 വരെയുമാണ് സർവീസുകൾ. എന്നാൽ പല റൂട്ടുകളിലും മതിയായ യാത്രാക്കാരില്ലാത്തതാണ് നഷ്ടം കൂടാൻ കാരണം.