തിരുവനന്തപുരം: കാർഷിക മേഖലയുടെ ആശ്രമായിരുന്ന അമ്പൂരി കുളം നാശത്തിന്‍റെ വക്കിലെത്തിയിട്ടും അധികൃതർ തുടരുന്ന അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കുളം നവീകരിച്ച് ഉപയോഗപ്രദമാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം കുടപ്പനമൂട് ഷാജഹാൻ ഉപവാസ സമരം ആരംഭിച്ചിട്ടും അധികൃതർ തുടരുന്ന മൗനമാണ് പ്രതിഷേധം ശക്തമാകാൻ കാരണം. അമ്പൂരി പഞ്ചായത്ത് ടൗൺ വാർഡിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള കുളം വൃത്തിയാക്കുന്ന കാര്യത്തിൽ അധികൃതർ അനാസ്ഥ തുടരുകയാണെന്നാണ് ആരോപണം. കുളത്തിന് 50 സെൻ്റ് വിസ്തീർണ്ണം ഉണ്ടായിരുന്നെങ്കിലും സ്വകാര്യവ്യക്തികളുടെ കയ്യേറ്റം കാരണം ഇപ്പോൾ 30 സെന്‍റില്‍ താഴെ മാത്രമാണുള്ളത്.
സമീപത്തെ ഹോട്ടലുകളിലെയും, വീടുകളിലെയും മനുഷ്യവിസർജ്യം ഉൾപ്പെടുന്ന മാലിന്യങ്ങൾ കുളത്തിലേക്കാണ് പുറംതള്ളുന്നത്. ഇത് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കുളം വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് ഉൾപ്പെടെ നിരവധി തവണ നിവേദനങ്ങൾ നൽകിയിരുന്നു.