തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാധ്യത. ഇത് സംബന്ധിച്ച് യു.ഡി.എഫും എൽ.ഡി.എഫും ഏകദേശ ധാരണയിൽ എത്തി. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കുന്ന കാര്യം ചർച്ച ചെയ്യാൻ നാളെ സർവ്വകക്ഷി യോഗം ചേരാനിരിക്കെയാണ് ഇരു മുന്നണികളും ഏകദേശ ധാരണയിലെത്തിയത്. പ്രതിപക്ഷത്തിന്‍റെ അഭിപ്രായം അംഗീകരിക്കാമെന്നാണ് എൽഡിഎഫ് ചിന്തിക്കുന്നത്. ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ സംയുക്തമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനാണ് ആലോചന. ഇക്കാര്യം മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് സംസാരിച്ചു.
കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഏതാനും നാൾ നീട്ടിവച്ച് ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാമെന്നാണ് കണക്കുകൂട്ടൽ. ജനുവരിയിൽ പുതിയ ഭരണ സമിതി വരുന്ന രീതിയിൽ തദ്ദേശ തെരഞ്ഞെടുപ്പ് ക്രമീകരിക്കാനാണ് ആലോചന. ഇരു മുന്നണികളും ഔദ്യോഗിക നിലപാട് നാളെത്തെ സർവ്വകക്ഷി യോഗത്തിൽ അറിയിക്കും. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുന്നതിനോട് ബി.ജെ.പി വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. സർവ്വകക്ഷി യോഗത്തിൽ സമവായമുണ്ടായാൽ മാത്രമേ തെരഞ്ഞെടുപ്പ് നീട്ടുന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ.