തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണ സമിതികള്‍ നവംബര്‍ 11ന് പിരിച്ചു വിടും. നവംബര്‍ 11ന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണിത്. ഇതോടെ നവംബര്‍ 11 മുതല്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകള്‍, മുന്‍സിപ്പാലിറ്റികള്‍, ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഭരണം അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കീഴിലാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ നിലവിലെ സെക്രട്ടറിമാര്‍ ഉള്‍പ്പെട്ടതാകും അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍. കോര്‍പ്പറേഷനുകളും ജില്ലാ പഞ്ചായത്തുകളും ജില്ലാ കലക്‌ടര്‍ അധ്യക്ഷനായ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികളായിരിക്കും ഭരിക്കുക.
മുന്‍സിപ്പാലിറ്റികള്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ അതാത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ നിലവില്‍ വരും. തദ്ദേശഭരണ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭരണ സമിതി അധികാരമേല്‍ക്കുന്നതുവരെ ഈ കമ്മികളായിരിക്കും ദൈനംദിന ഭരണനിര്‍വ്വഹണം നടത്തുക. പഞ്ചായത്തീരാജ്, നഗരപാലിക നിയമപ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികള്‍ക്ക് അഞ്ച് വവര്‍ഷത്തില്‍ കൂടുതൽ തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാകുന്ന തദ്ദേശഭരണ സമിതികള്‍ നവംബര്‍ 11ന് തന്നെ പിരിച്ചു വിടുന്നത്. ഡിസംബർ 31 ന് മുമ്പ് പുതിയ ഭരണസമിതി അധികാരത്തിൽ വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു.