തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പുതുക്കിയ വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് ആരോപിച്ച് ബിജെപി. തിരുവനന്തപുരം ജില്ലയിലെ ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ ഉൾപ്പെടുത്താതിരിക്കുകയോ നീക്കം ചെയ്യുകയോ ചെയ്തുവെന്നാണ് ആരോപണം. ക്രമക്കേട് ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് പറഞ്ഞു.
വിവിധ നിയോജക മണ്ഡലങ്ങളിൽ പെടുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ വിവിധ വാർഡുകളിൽ നൂറിലധികം വോട്ടുകളിൽ ക്രമക്കേട് നടന്നതായി വി.വി രാജേഷ് ആരോപിച്ചു. ബിജെപി കൗൺസിലർമാരുടെ വാർഡുകളിൽ പോലും ബിജെപിക്ക് ലഭിക്കേണ്ട വോട്ടുകൾ ചേർത്തിട്ടില്ല. ആറ്റിങ്ങൽ നഗരസഭയിലും ക്രമക്കേട് നടന്നിട്ടുണ്ട്. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനാണ് തീരുമാനമെന്ന് ബിജെപി വ്യക്തമാക്കി.