തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സ്ഥാനാർഥി ചിത്രം പൂർണം. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം 74899 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വനിതകൾക്ക് 50 ശതമാനം സംവരണം ആണെങ്കിലും സ്ഥാനാർഥി പട്ടികയിൽ മുന്നിൽ പുരുഷന്മാർ തന്നെ. ആകെ 38593 പുരുഷ സ്ഥാനാർഥികൾ. 36305 വനിതാ സ്ഥാനാർഥികളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് ഒരാളുമാണ് മത്സര രംഗത്തുള്ളത്.
8387 സ്ഥാനാർഥികൾ മാറ്റുരയ്ക്കുന്ന മലപ്പുറം ജില്ലയാണ് മുന്നിൽ. 1857 സ്ഥാനാർഥികൾ ഉള്ള വയനാട് ജില്ലയാണ് ഏറ്റവും പിന്നിൽ. ഏറ്റവും അധികം വനിതാ സ്ഥാനാർഥികളും മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. 4390 പേരാണ് ഇവിടെ ജനവിധി തേടുന്നത്. ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥി കണ്ണൂർ കോർപ്പറേഷനിൽ നിന്നാണ് ജനവിധി തേടുന്നത്.
തിരുവനന്തപുരത്ത് 6465 പേർ ജനവിധി തേടുമ്പോൾ കൊല്ലം ജില്ലയിൽ 5723 പേരാണ് മത്സര രംഗത്തുള്ളത്. പത്തനംതിട്ടയിൽ 3699 പേരും ആലപ്പുഴയിൽ 5463 പേരും മത്സര രംഗത്തുണ്ട്. കോട്ടയത്ത് 5432 പേരാണ് ജനവിധി തേടുന്നത്. ഇടുക്കി ജില്ലയിൽ 3234 പേരും എറണാകുളത്ത് 7255 പേരും തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ട്.
തൃശൂരിൽ 7020 പേരാണ് ജനവിധി തേടുന്നത്. പാലക്കാട് ജില്ലയിൽ 6587 പേരും മലപ്പുറത്ത് 8387 പേരും മത്സര രംഗത്തുണ്ട്. കോഴിക്കോട് ജില്ലിയിൽ 5985 പേരും വയനാട്ടിൽ 1857 പേരും കണ്ണൂരിൽ 5144 സ്ഥാനാർഥികളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. കാസർഗോഡ് 2648 പേരാണ് ജനവിധി തേടുന്നത്.