തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 28ന് നടക്കും. ഇടുക്കി, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളിലായി 28 തദ്ദേശ സ്ഥാപനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതിന്‍റെ ഭാഗമായുള്ള മാതൃക പെരുമാറ്റ ചട്ടം നിലവിൽ വന്നു.
ജില്ല, ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിൽ ഇവ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് പ്രദേശത്ത് മുഴുവൻ പെരുമാറ്റ ചട്ടം ബാധകമായിരിക്കും. കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ അതത് വാർഡുകളിലും, ഗ്രാമപഞ്ചായത്തുകളിൽ മുഴുവൻ വാർഡുകളിലുമാണ് പെരുമാറ്റ ചട്ടം ബാധകമാവുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഫെബ്രുവരി രണ്ടിന് പുറപ്പെടുവിക്കും.
പാലക്കാട് ജില്ല പഞ്ചായത്തിലെ ആലത്തൂർ, തൃശൂരിലെ തളിക്കുളം, കൊല്ലം കോർപറേഷനിലെ മീനത്തുചേരി വാർഡുകളിലും രണ്ട് മുനിസിപ്പാലിറ്റി വാർഡുകളിലും 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദേശ പത്രിക ഫെബ്രുവരി ഒമ്പത് വരെ സമർപ്പിക്കാം. 10ന് സൂക്ഷ്‌മ പരിശോധന നടക്കും.
ഫെബ്രുവരി 13 വരെ പത്രിക പിൻവലിക്കാം. മാർച്ച് ഒന്നിനാണ് വോട്ടെണ്ണൽ നടക്കുക. ജില്ല പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ എന്നിവിടങ്ങളിൽ നാമനിർദേശ പത്രികയ്‌ക്കൊപ്പം 50,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ 40,000 രൂപയും ഗ്രാമപഞ്ചായത്തിൽ 20,000 രൂപയുമാണ് കെട്ടിവയ്‌ക്കേണ്ടത്. വോട്ടെടുപ്പിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.