തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഈ ഡിസംബറിനുള്ളിൽ രണ്ട് ലക്ഷം വീടുകളുടെ നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി എ.സി മൊയ്തീൻ. ലൈഫ് പദ്ധതി പ്രകാരം തൃശ്ശൂര്‍ വേലൂർ ഗ്രാമപഞ്ചായത്തിൽ ഒന്നാം ഘട്ടത്തില്‍ നിർമിച്ച 27 വീടുകളുടേയും രണ്ടാം ഘട്ടത്തിൽ പണി പൂർത്തീകരിച്ച 40 ഗുണഭോക്താക്കളുടേയും വീടുകളുടെ താക്കോൽദാനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാന സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി തൃശ്ശൂർ ജില്ലയിലെ ഭവനരഹിതരായ 67 പേർക്കാണ് ഇത്തവണ വീടൊരുക്കിയത്. ഇതുവരെ ജില്ലയിൽ ഭവന രഹിതരായ 54, 000 പേർക്കുള്ള വീടുകൾ പദ്ധതിയുടെ ഭാഗമായി സർക്കാർ നിർമ്മിച്ചു നൽകിയിട്ടുണ്ട്. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ അർഹരായ 1,35,000 പേരെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അവർക്കുള്ള വീട് രണ്ടു വർഷത്തിനുള്ളിൽ നിർമ്മിച്ചു നൽകുമെന്നും പദ്ധതി പ്രകാരം തീരദേശങ്ങളിൽ വീടു നൽകുന്നതുമായി ബന്ധപ്പെട്ടുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തുതിനായി അതത് ജില്ലാ കലക്ടർമാർ സ്ഥലപരിശോധന നടത്തി വരികയാണെും മന്ത്രി എ സി മൊയ്തീൻ പറഞ്ഞു.
അർഹരായവർക്ക് ഭൂമിയും വീടും ലഭ്യമാക്കുന്നതിനായി സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൈകോർത്ത് നടപടികൾ ത്വരിതഗതിയിലാക്കും. ഇത്തരത്തിൽ സ്ഥലം കണ്ടെത്തി ഫ്ളാറ്റുകൾ നിർമിക്കും. 217 ഫ്ളാറ്റുകൾ ഇത്തരത്തിൽ നിർമിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 86 സ്ഥലങ്ങളിൽ ഫ്ളാറ്റുകൾ പണിയുമെന്നും മന്ത്രി പറഞ്ഞു.
വേലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷേർളി ദിലീപ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായർ, വേലൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം അബ്ദുൾ റഷീദ്, തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോയ് ജോ, ലൈഫ് മിഷൻ ജില്ലാമിഷൻ കോർഡിനേറ്റർ ലിൻസ് ഡേവീസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.