തിരുവനന്തപുരം: ആര്‍.സി.ഇ.പി കരാറില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം പാസാക്കി. വിവിധ രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ ഒപ്പുവയ്ക്കാൻ ഉദ്ദേശിക്കുന്ന സ്വതന്ത്ര വ്യാപാരക്കരാറായ ആർസിഇപിക്കെതിരെ ഐകകണ്‌ഠേനയാണ് പ്രമേയം പാസാക്കിയത്. രാജ്യത്തിന്‍റെ പൊതു താല്‍പര്യവും ഭാവിയും പരിഗണിച്ച് കേന്ദ്രം കരാറില്‍ നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്തിന്‍റെ കാര്‍ഷികം, വ്യവസായം, മത്സ്യബന്ധനം, ആരോഗ്യം തുടങ്ങിയ മേഖലകളെ കരാര്‍ തകര്‍ക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാതെയും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുക്കാതെയും കരാര്‍ ഒപ്പിടാനുള്ള തീരുമാനം രാജ്യത്തെ ആശങ്കയിലാക്കിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആര്‍.സി.ഇ.പി കരാറിനെതിരെ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കാന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെടുമെന്ന് പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആര്‍.സി.ഇ.പി കരാറിനെതിരെയുള്ള നിയമസഭയിലെ ചര്‍ച്ച രാജ്യം മുഴുവന്‍ ഉയര്‍ന്നു വരാന്‍ പോകുന്ന മുന്നേറ്റത്തിന്റെ തുടക്കമാണെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കരാര്‍ നടപ്പായാല്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഡമ്പിങ് യാര്‍ഡായി രാജ്യം മാറുമെന്ന് ചര്‍ച്ചയ്ക്ക് തുടക്കമിട്ട് കെ.സി.ജോസഫ് പറഞ്ഞു. കെ.സി.ജോസഫാണ് ആര്‍.സി.ഇ.പി കരാറിനെ സംബന്ധിച്ച ഉപക്ഷേപം നിയമസഭയില്‍ അവതരിപ്പിച്ചത്.