തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ നിയന്ത്രിക്കുന്നതിന് നിയമനിർമാണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിബിഐയെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. ഈ ആക്ഷേപം സുപ്രീം കോടതി വരെ ശരിവെച്ചിട്ടുണ്ട്. സംസ്ഥാനം ആവശ്യപ്പെടുന്ന കേസുകൾ സിബിഐ ഏറ്റെടുക്കുന്നില്ല. എന്നാൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാവുന്ന കേസുകൾ സിബിഐയെ കൊണ്ട് ഏറ്റെടുപ്പിക്കുകയാണ് കേന്ദ്രസർക്കാർ. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
സിബിഐ അന്വേഷണം വേണ്ട എന്ന് നിലപാടില്ല. എന്നാൽ സംസ്ഥാന സർക്കാറിന്‍റെ അറിവോടെ വേണം. സർക്കാർ ഇക്കാര്യത്തിൽ നിയമപരമായ പരിശോധന നടത്തണമെന്നും കാനം ആവശ്യപ്പെട്ടു. സിബിഐ വി മുരളീധരന്‍റെ കുടുംബസ്വത്തല്ല. സ്വർണക്കടത്തും ലൈഫിലും അടക്കം ഒരു അന്വേഷണത്തെയും എതിർക്കുന്നില്ല. അന്വേഷണ ഏജൻസി രാഷ്ട്രീയ പുകമറ സൃഷ്ടിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും കാനം പറഞ്ഞു.
തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട അഴിമതിയിൽ സർക്കാർ പ്രോസിക്യൂഷന് അനുമതി നൽകാത്തത് നിയമവശങ്ങൾ എല്ലാം പരിശോധിച്ച് തന്നെയാകും. റൂൾസ് ഓഫ് ബിസിനസിൽ മാറ്റം കൊണ്ടുവരുന്നത് സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിലാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയ പാർട്ടികളിലേക്ക് ചർച്ച എത്തിയിട്ടില്ലെന്നും കാനം പറഞ്ഞു.