തിരുവനന്തപുരം: കേരളത്തിൽ ഇടത് മുന്നണി ചരിത്ര വിജയം കുറിക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി. ഉറപ്പുകൾ പാലിക്കാൻ ഇടതു സർക്കാറിന് സാധിച്ചു. ജനങ്ങൾ ഇക്കാര്യം പോസിറ്റീവായി കാണുമെന്നുറപ്പാണ്. പ്രകൃതിക്ഷോഭങ്ങളും മഹാമാരി കാലവും നന്നായി കൈകാര്യം ചെയ്യാന്‍ സര്‍ക്കാറിന് കഴിഞ്ഞുവെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിഎഎ, കാർഷിക നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേരള സർക്കാറും നിയമസഭയും സ്വീകരിച്ചത് മാതൃകാപരമായ നിലപാടാണ്. രാജ്യം തന്നെ വിൽക്കുന്ന നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഇതിൻ്റെ ഭാഗമായി പൊതു മേഖല സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കുന്നു. എന്നാൽ കേരള സർക്കാർ പൊതുമേഖലയെ ശക്തിപ്പെടുത്തുന്നു. ഇതാണ് ഇത് ബദൽ സർക്കാറെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ചര്‍ച്ചകള്‍ക്ക് വേണ്ടി വിവാദങ്ങള്‍ നിര്‍മിക്കുകയാണ്. 35 സീറ്റ് ലഭിച്ചാൽ സർക്കാർ ഉണ്ടാക്കുമെന്ന് ബിജെപി പറയുന്നത് കോൺഗ്രസ് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാം എന്ന് ഉറപ്പുള്ളതു കൊണ്ടാണ്. ഇതാണ് കോൺഗ്രസിൻ്റെയും ബിജെപിയുടേയും ജനാധിപത്യമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. സിപിഎമ്മിൻ്റെ കാര്യം എ.കെ.ആന്‍റണി നോക്കേണ്ടെന്നും കോൺഗ്രസിൻ്റെ കാര്യങ്ങൾ നോക്കിയാൽ മതിയെന്നും എ.കെ. ആന്‍റണിയുടെ വിമർശനത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു. ദേശീയ അധ്യക്ഷനില്ലാതെ രണ്ട് വർഷം പ്രവർത്തിച്ച പാർട്ടിയാണ് കോൺഗ്രസ് എന്നും ആന്‍റണി ഇതൊക്കെ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ കോൺഗ്രസ്-ബിജെപി ധാരണയാണ് നിലവിലുള്ളതെന്നും ഗുരുവായൂർ പോലൊരു സീറ്റിൽ ബിജെപിക്ക് സ്ഥാനാർഥിയില്ലാത്തത് ഈ ധാരണ തെളിയിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾ ഇക്കാര്യങ്ങൾ മനസിലാക്കി വോട്ട് ചെയ്യണം. സംസ്ഥാനത്തിൻ്റെ അനുമതിയില്ലാതെ ഒരു കേന്ദ്ര ഏജൻസിക്കും പ്രവർത്തിക്കാൻ കഴിയില്ല. ഇത് ഫെഡറൽ തത്വത്തിന് എതിരാണ്. കേന്ദ്ര ഏജൻസികൾ ഇവയെല്ലാം മറികടക്കുകയാണെന്നും രാജ്‌നാഥ് സിംഗ് ഭരണഘടന വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം വേണം സംസ്ഥാന സർക്കാറിനെ വിമർശിക്കാനെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.
ഇടതുപക്ഷത്തെ വിമർശിക്കാൻ ജനകീയ പ്രശ്നങ്ങൾ ഇല്ലാത്തത് കൊണ്ടാണ് കോൺഗ്രസും ബിജെപിയും ശബരിമല പ്രശ്‌നം ഉയർത്തുന്നത്. ശബരിമലയിൽ ഒരു പ്രശ്നവുമില്ല. സുപ്രീം കോടതിയുടെ അവസാന വിധി വരുമ്പോൾ ചർച്ച ചെയ്‌ത് നടപ്പാക്കും. രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കണമെന്നത് സിപിഎം നയമാണ്. കടകംപള്ളി സുരേന്ദ്രന്‍റെ പ്രസ്താവന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരിശോധിക്കുമെന്നും ഇക്കാര്യം മുഖ്യമന്തി വ്യക്തമാക്കിയതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല വിഷയം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്. സംസ്ഥാന സർക്കാറിൻ്റെ സത്യവാങ്മൂലം കോടതി പരിശോധിച്ച് കഴിഞ്ഞ ശേഷമാണ് ആദ്യ വിധിയുണ്ടായത്. അതു കൊണ്ട് സത്യവാങ് മൂലം സംബന്ധിച്ച് ഇപ്പാൾ ചർച്ച വേണ്ട. വിഷയം കോടതി തീരുമാനിക്കട്ടെയെന്നും സീതാറാം യെച്ചൂരി പറഞ്ഞു.