തിരുവനന്തപുരം: സംസ്ഥാനത്തെ ഇടതുതരംഗത്തില്‍ നിര്‍ണായക ശക്തിയായി തലസ്ഥാന ജില്ല. 14 മണ്ഡലങ്ങളില്‍ 13 ഇടത്തും ഇടത് ആധിപത്യം പ്രകടമായപ്പോള്‍ യുഡിഎഫിന് കിട്ടിയത് കോവളം മാത്രം. സിറ്റിംഗ് എംഎല്‍എ എ.വിന്‍സെന്‍റ് ജയിച്ചത് 3661 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന നേമം മണ്ഡലത്തില്‍ ബിജെപിയുടെ ഏക അക്കൗണ്ട് ക്ലോസ് ചെയ്‌ത് ശിവന്‍കുട്ടി നേടിയത് 5750 വോട്ടിന്‍റെ ഭൂരിപക്ഷം. അരുവിക്കരയില്‍ കെ. ശബരീനാഥനെ 4900 വോട്ടിന് പരാജയപ്പെടുത്തിയാണ് ജി.സ്റ്റീഫന്‍ വിജയിച്ചത്.
വി.ഐ.പി മണ്ഡലമായ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എതിരില്ലാതെ 23497 വോട്ടിന്‍റെ ലീഡില്‍ ജയിച്ചു കയറി. 29548 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ആറ്റിങ്ങല്‍ മണ്ഡലം നിലനിര്‍ത്തിയ സിപിഎം സ്ഥാനാര്‍ഥി ഒ.എസ്. അംബികയുടേതാണ് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷം. ജില്ലയില്‍ മത്സരിച്ച രണ്ടുസീറ്റിലും സിപിഐ വിജയിച്ചു. നെടുമങ്ങാട് ജി.ആര്‍. അനിലും ചിറയിന്‍കീഴില്‍ വി. ശശിയും. രണ്ടാം വട്ടവും ജനവിധി തേടിയ വി.ജോയ് (വർക്കല), ഡി.കെ.മുരളി (വാമനപുരം), ഐ.ബി. സതീഷ് (കാട്ടാക്കട), കെ. ആന്‍സലന്‍ (നെയ്യാറ്റിന്‍കര), സി.കെ. ഹരീന്ദ്രന്‍ ( പാറശ്ശാല), വി.കെ. പ്രശാന്ത് (വട്ടിയൂര്‍കാവ്) എന്നിവരും തുടര്‍വിജയം ഉറപ്പാക്കി.