തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഏഴ് പേരെയാണ് പിണറായി സര്‍ക്കാര്‍ പൊലീസ് വെടിവെച്ചുക്കൊന്നത്. വ്യാജഏറ്റുമുട്ടല്‍ സംഭവങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ സ്വരമാണെന്നും രമേശ് ചെന്നിത്തല നിയമസഭയില്‍ ആരോപിച്ചു.
ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ പെലീസുകാര്‍ക്ക് വെടി കെള്ളാത്തത് സംബന്ധിച്ച് നരേന്ദ്ര മോദിയുടെ അതേ മറുപടിയാണ് ഇപ്പോള്‍ പിണറായി വിജയൻ പറയുന്നത്. ഇത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഒരു ലഘുലേഖ കൈവശം വെച്ചതിന് യു.എ.പി.എ ചുമത്തുന്നത് കേരളത്തിലെ ആദ്യ സംഭവമാണ്. അമിത്ഷാ കൊണ്ടുവന്ന നിയമത്തിൻ്റെ പേരിലാണ് നടപടി. സി.പി.എം നേതാക്കളെല്ലാം ഈ നടപടിക്കെതിരെ രംഗത്തു വന്നു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കെതിരെ ചരിത്രത്തിലാദ്യമായാണ് ഏരിയാ കമ്മിറ്റി പ്രമേയം പാസാക്കുന്നതെന്നും എന്നാല്‍ മുഖ്യമന്ത്രി തിരുത്താന്‍ തയ്യാറല്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. താന്‍ പിടിച്ച മുയലിന് 3 കൊമ്പ് എന്നാണ് അദ്ദേഹത്തിൻ്റെ നിലപാട്. കമ്മ്യൂണിസ്റ്റുകളെ തേടിവരുന്ന ഫാസിസ്റ്റുകളുടെ കസേരയില്‍ ഹിറ്റ്‌ലര്‍ക്കു പകരം ഇപ്പോള്‍ ഇരിക്കുന്നത് പിണറായി വിജയനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.