തിരുവനന്തപുരം: ഇടതു മുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് നാളെ തുടക്കം. നവ കേരള സൃഷ്‌ടിക്കായി വീണ്ടും എല്‍ഡിഎഫ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇടതുമുന്നണി വികസന മുന്നേറ്റ ജാഥ നടത്തുന്നത്. മേഖല ജാഥകളായാണ് ഇടതു മുന്നണി ജാഥ നടത്തുന്നത്. വടക്കന്‍ മേഖല ജാഥക്കാണ് നാളെ തുടക്കമാകുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വടക്കന്‍ മേഖല ജാഥയ്ക്ക് നേതൃത്വം നല്‍കും. കാസര്‍കോട് ജില്ലയിലെ ഉപ്പളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥ ഉദ്ഘാടനം ചെയ്യും.
കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തുന്നത്. ഫെബ്രുവരി 26 ന് തൃശൂരിലാണ് ജാഥ സമാപിക്കുന്നത്. സമാപന സമ്മേളനം സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. എല്‍ഡിഎഫ് നേതാക്കളായ കെപി രാജേന്ദ്രന്‍, അഡ്വ. പി സതീദേവി, പിടി ജോസ്, കെ ലോഹ്യ, പികെ രാജന്‍ മാസ്റ്റര്‍, ബാബു ഗോപിനാഥ്, കെ പി മോഹനന്‍, ജോസ് ചെമ്പേരി, കാസിം ഇരിക്കൂര്‍, ബിനോയ് ജോസഫ്, അഡ്വ. എജെ ജോസഫ് എന്നിവര്‍ അംഗങ്ങളാണ്.
തെക്കന്‍ മേഖല ജാഥ ഞായറാഴ്‌ച എറണാകുളത്ത് നിന്നാണ് ആരംഭിക്കുന്നത്. സിപിഐ നേതാവ് ബിനോയ് വിശ്വമാണ് ജാഥ നയിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി എ രാജ ജാഥ ഉദ്ഘാടനം ചെയ്യും. തെക്കന്‍ മേഖല ജാഥയുടെ സമാപനം ഫെബ്രുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിക്കും. സര്‍ക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മറുപടിയും ജാഥയിലുണ്ടാകും. നിയമന വിവാദം, ശബരിമല തുടങ്ങി ജാഥ നടത്തി പ്രതപക്ഷം ഉന്നയിക്കുന്ന വിവാദങ്ങള്‍ക്ക് അതേ നാണയത്തിലുള്ള മറുപടിയാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്.