തിരുവനന്തപുരം: നിയസഭാ തെരഞ്ഞെടുപ്പിനുള്ള പ്രവര്‍ത്തനങ്ങളാരംഭിക്കാന്‍ ഇടതു മുന്നണി തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രചരണ പ്രവര്‍ത്തനങ്ങളും പ്രകടന പത്രിക തയാറാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളും ആരംഭിക്കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന്‍റെ ഭാഗമായി എല്‍ഡിഎഫ് പ്രചരണ ജാഥ സംഘടിപ്പിക്കും. രണ്ട് മേഖലകളിലായാണ് ജാഥ സംഘടിപ്പിക്കുക. വടക്കന്‍ മേഖല ജാഥ സിപിഎമ്മും തെക്കന്‍ മേഖല ജാഥ സിപിഐയും നയിക്കും. വടക്കന്‍ മേഖല ജാഥ ഫെബ്രുവരി 13ന് കാസര്‍കോട് നിന്നും ആരംഭിച്ച് തൃശൂരില്‍ സമാപിക്കും. തെക്കന്‍ മേഖല ജാഥ എറണാകുളത്ത് നിന്നും ആരംഭിച്ച് തിരുവനന്തപുരത്തും സമാപിക്കും. ഫെബ്രുവരി 26നാണ് ജാഥകളുടെ സമാപനം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ജാഥകള്‍ക്ക് സ്വീകരണം നല്‍കും. ജാഥ ക്യാപ്റ്റൻ, മുദ്രാവാക്യം എന്നിവ സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.
ജാഥയുടെ പ്രചരണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസത്തെ ഭവന സന്ദര്‍ശനവും ബൂത്തടിസ്ഥാനത്തില്‍ നടത്താൻ ഇടതുമുന്നണി തീരുമാനിച്ചു. സംസ്ഥാനത്തെ വികസന മുന്നേറ്റം തെരഞ്ഞെടുപ്പ് വിഷയമായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് മുന്നണി തീരുമാനം. സംസ്ഥാനത്തിന്‍റെ വികസന തുടര്‍ച്ചയ്ക്ക് തുടര്‍ഭരണം അനിവാര്യമാണെന്ന ആവശ്യം ഉന്നയിച്ചാകും പ്രചരണം നടത്തുക. പ്രകടന പത്രിക തയാറാക്കുന്നതിന് ഉപസമിതിയെ ചുമതലപ്പെടുത്തി. എല്ലാ ഘടകക്ഷികളില്‍ നിന്നുള്ള അംഗങ്ങളേയും ഉള്‍പ്പെടുത്തിയാകും ഉപസമിതി രൂപീകരിക്കുക.
സോളാര്‍ കേസിലെ സിബിഐ അന്വേഷണം പ്രചരണ വിഷയയമായി ഉയര്‍ത്തികാട്ടില്ല. കേസിലെ സിബിഐ അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്ന നിലപാട് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ആവര്‍ത്തിച്ചു. പരാതിക്കാരി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതനുസരിച്ചുള്ള തീരുമാനമാണ്. അതിനെ തെരഞ്ഞെടുപ്പുമായി കൂട്ടി കുഴയ്‌ക്കേണ്ടതില്ല. ഇതില്‍ യുഡിഎഫിന് പരിഭ്രാന്തി സ്വാഭാവികമാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും വിജയരാഘവന്‍ പറഞ്ഞു. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് ജനങ്ങളെ കൊള്ളയടിക്കുന്നതാണെന്നും ഇതിനെതിരെ ഇടതുമുന്നണി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.വിജയരാഘവന്‍ അറിയിച്ചു.