ലോക്സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഔദ്യോഗികമായി പൂര്‍ത്തിയാക്കാൻ ഇടതു മുന്നണി ഇന്ന് യോഗം ചേരും. വൈകിട്ട് എകെജി സെന്‍ററിലാണ് യോഗം ചേരുന്നത്. ജനതാദള്‍ എസിന് ഇത്തവണ സീറ്റ് ഉണ്ടാകില്ലെന്നത് നേതൃത്വം അറിയിക്കും.കഴിഞ്ഞ തവണ ജനതാദള്‍ കോട്ടയത്ത് മത്സരിച്ചിരുന്നു. ഇവരുടെ ഒരു സീറ്റ് കൂടി എടുത്താണ് സിപിഎം 16 സ്ഥാനാര്‍ഥികളെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നിര്‍ത്താൻ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ ഒരു സീറ്റ് കിട്ടണം എന്ന നിലപാടിലാണ് ജനതാദളിലെ ഒരു വിഭാഗം. കോട്ടയം ഏറ്റെടുക്കുന്ന പശ്ചാലത്തലത്തില്‍ എറണാകുളം സീറ്റ് കിട്ടണമെന്നാണ് ജനതാദളിന്റെ ആവശ്യം. സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന് ഉഭയകക്ഷി ചര്‍ച്ചയില്‍ തന്നെ ജനതാദള്‍ നേതാക്കളെ സിപിഎം അറിയിച്ചിരുന്നു.സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യാൻ ജനതാദളിന്‍റെ സംസ്ഥാന സമിതിയും ഇന്ന് യോഗം ചേരും. മന്ത്രി മാത്യൂ ടി തോമസിനെ മാറ്റി പകരം കൃഷ്ണൻ കുട്ടിയെ നിയമിച്ചതിലുള്ള ആഭ്യന്തരപ്രശ്നമാണ് പ്രതിഷേധത്തിന് കാരണം. സി പി ഐ ഇതര കക്ഷികള്‍ക്ക് ഈ തെരഞ്ഞെടുപ്പില്‍ സീറ്റില്ലെന്നുംസിപിഎം അറിയിച്ചിട്ടുണ്ട്.
കോഴിക്കോടും വടകരിയിലും സ്വാധീനമുള്ള ലോക്താന്ത്രിക്ജനതാദളിന് നേരത്തെ രാജ്യസഭാ സീറ്റ് നൽകിയതും, മധ്യതിരുവിതാംകൂറിൽ സ്വാധീനമുള്ള ജനാധിപത്യ കേരളാ കോൺഗ്രസിന് ബോർഡ് ചെയർമാൻ സ്ഥാനങ്ങൾ വാഗ്ദാനം ചെയ്തും അവരെ ഏതാണ്ട് അനുനയിപ്പിച്ചുകഴിഞ്ഞു.ഇന്ന് ചേരുന്ന ഇടുതുമുന്നണിയോഗം ഫലത്തിൽ സിപിഎം 16 സീറ്റിലും സിപിഐ 4 സീറ്റിലും മൽസരിക്കുമെന്ന പ്രഖ്യാപനത്തിന് മാത്രമുള്ളതാകും.