തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ എൽഡിഎഫ് നടത്തുന്ന സമരം രാഷ്ട്രീയ ആഭാസമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന സർക്കാരിന്‍റെയും സിപിഎം നേതാക്കളുടെയും കോടികളുടെ അഴിമതി ഓരോന്നായി പുറത്തു കൊണ്ടുവരുന്നതിനാലാണ് ഏജൻസികൾക്കെതിരെ സമരം ചെയ്യുന്നത്. സ്വർണക്കടത്ത് അടക്കമുള്ള കേസുകളുടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും നേതാക്കളുടെയും മക്കളുടെയും അടുത്തേക്കും നീങ്ങുന്നതിലെ അപകടം തിരിച്ചറിഞ്ഞാണ് ഇത്തരമൊരു ആഭാസം സിപിഎം സംഘടിപ്പിക്കുന്നത്.
സംഘടന ബലം കാട്ടി കേന്ദ്ര ഏജൻസികളെ നിർവീര്യമാക്കാനുള്ള ഗൂഢലക്ഷ്യമാണ് ഇതിനു പിന്നിൽ. സർക്കാരിന്‍റെ വീഴ്‌ചകൾക്ക് വെള്ള പൂശാനുള്ള ഏജൻസിയല്ല സിഎജി. ഇക്കാര്യം ധനമന്ത്രിയും മുഖ്യമന്ത്രിയും മനസിലാക്കണം. കേരളത്തെ വിഴുങ്ങുന്ന വെള്ളാനയാണ് കിഫ്ബി. ഇത് കണ്ടെത്തിയതിനെ പേരിൽ സിഐജി അസ്ഥിരപ്പെടുത്താനുള്ള സംസ്ഥാന സർക്കാർ നീക്കം അംഗീകരിക്കാനാവില്ല. ഈ സർക്കാർ വരുത്തിവച്ച കടബാധ്യതയിൽ നിന്ന് തുടർന്നുവരുന്ന സർക്കാറുകൾ എത്ര ശ്രമിച്ചാലും സംസ്ഥാനത്തെ കരകയറ്റാൻ കഴിയില്ലെന്നത് യാഥാർഥ്യമാണെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ വ്യക്തമാക്കി.