തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് സർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാരോപിച്ച് എൽഡിസി റാങ്ക് പട്ടികയിലെ ഉദ്യോഗാർഥികൾ വീണ്ടും സെക്രട്ടേറിയറ്റിനു മുന്നിൽ സമരത്തിൽ. കാലാവധി നീട്ടി നൽകിയ റാങ്ക് പട്ടികയിൽ നിന്നു പോലും നിയമനം നടക്കാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാർഥികൾ സമരവുമായി വീണ്ടും എത്തിയത്. ഒച്ചിഴയുന്ന വേഗത്തിലാണ് നിയമനങ്ങൾ നടക്കുന്നതെന്നും ചരിത്രത്തിലെ ഏറ്റവും കുറവ് നിയമനമാണ് നിലവിലെ പട്ടികയിൽ നിന്ന് ഉണ്ടായതെന്നും ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ വാക്ക് പാലിച്ചില്ലെന്ന് ഉദ്യോഗാർഥികൾ
നിയമനം ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ സമരം സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. സമരം ഒത്തുതീർപ്പാക്കാൻ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നതുൾപ്പെടെ ഉദ്യോഗാർഥികളുടെ വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് റാങ്ക് പട്ടികയുടെ കാലാവധി ആറു മാസത്തേക്ക് നീട്ടിയത് കാലാവധി അവസാനിക്കാൻ രണ്ടു മാസം കൂടിയുള്ളപ്പോഴാണ്.
സൂപ്പർ ന്യൂമററി തസ്‌തിക നിർമിക്കണമെന്ന് ആവശ്യം
അതേസമയം മതിയായ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുകയോ പ്രമോഷനുകൾ നടക്കുകയോ ചെയ്യാത്തതിനാൽ നിയമനങ്ങളും മന്ദഗതിയിലായി. നിലവിലുള്ള പട്ടികയുടെ കാലാവധി ഓഗസ്റ്റ് മൂന്നിന് അവസാനിക്കും. കാലാവധി നീട്ടാൻ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബറിലാണ് പുതിയ പരീക്ഷ നടക്കുമെന്ന് കരുതുന്നത്. അതുവരെ ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവുകളുടെ അനുപാതം കണക്കാക്കി സൂപ്പർ ന്യൂമററി തസ്‌തിക സൃഷ്‌ടിച്ച് നിയമനം നൽകണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
ALSO READ: ഗുഡ് സര്‍വ്വിസ് എന്‍ട്രി; ഒ.ജി ശാലിനിയുടെ അപേക്ഷയില്‍ നടപടി
നീട്ടിക്കിട്ടിയ കാലാവധിയിലെ അധിക സമയവും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കൊവിഡ് രണ്ടാം തരംഗവും ലോക്ക്ഡൗണും ചേർന്ന് അപഹരിച്ചു. ഇതു കൂടി കണക്കിലെടുത്ത് സർക്കാർ തീരുമാനമെടുക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.