തിരുവനന്തപുരം: വടക്കൻ ഐതിഹ്യമാല എന്ന പുസ്‌തകത്തിൽ നിന്നാണ് 'കുമാരി' എന്ന സിനിമയുടെ കഥ വികസിപ്പിച്ചതെന്ന് ചിത്രത്തിന്‍റെ സംവിധായകൻ നിർമൽ സഹദേവ്. ചിത്രം വെള്ളിയാഴ്ച റിലീസിനെത്തുകയാണ്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ മീറ്റ് ദി പ്രസില്‍ സംസാരിക്കുയായിരുന്നു സഹദേവ്.
കാഞ്ഞിരങ്ങാട് എന്ന ഗ്രാമത്തിലേക്ക് വിവാഹം കഴിച്ചെത്തുന്ന 'കുമാരി' എന്ന കഥാപാത്രം ഗ്രാമത്തിലെ ഓരോ കാഴ്ചകളും കൗതുകത്തോടെ നോക്കി കാണുന്നതും പിന്നീട് തനിക്കുണ്ടാകുന്ന പ്രശ്‌നങ്ങൾ ശക്തമായി നേരിടുന്നതുമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലം.
ഐശ്വര്യ ലക്ഷ്‌മിയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായ കുമാരിയായെത്തുന്നത്. മുത്തമ്മ എന്ന ശക്തമായ കഥാപാത്രത്തെ ചിത്രത്തില്‍ ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മി അവതരിപ്പിക്കുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ സുരഭിയിൽ നിന്ന് പഠിക്കാൻ സാധിച്ചുവെന്നും കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി നന്നായി പരിശ്രമിച്ചുവെന്നും നിർമൽ സഹദേവ് പറഞ്ഞു. സിനിമയ്ക്ക് വേണ്ടി സുരഭി ഒരു പാട്ട് ഉണ്ടാക്കിയെന്നും പാളിപ്പോകാൻ സാധ്യതയുള്ള കഥാപാത്രത്തെ സുരഭി തന്മയത്വത്തോടു കൂടി അവതരിപ്പിച്ചുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കുമാരി എന്ന കഥാപാത്രമല്ല, അതിന്‍റെ കഥയും ആ ലോകവുമാണ് തന്നെ ഏറെ ആകർഷിച്ചതെന്ന് നടി ഐശ്വര്യ ലക്ഷ്‌മി പറഞ്ഞു. മിത്തും കെട്ടുകഥയും ഒന്നിപ്പിച്ചാണ് നിർമൽ സഹദേവ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദ ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഐശ്വര്യ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമാണം. സുപ്രിയാ മേനോൻ നേതൃത്വം നൽകുന്ന പൃഥ്വിരാജ് പ്രൊഡക്‌ഷൻസാണ് ചിത്രം കേരളത്തിൽ അവതരിപ്പിക്കുന്നത്. ലിസ്‌റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.