തിരുവനന്തപുരം : കുണ്ടറ പീഡന കേസ് ഒതുക്കിത്തീർക്കാൻ മന്ത്രി ശശീന്ദ്രൻ ഉൾപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹർജി. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, വനം മന്ത്രി എ.കെ.ശശീന്ദ്രൻ, ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിർ കക്ഷികൾ. കേരള ലോകായുക്തയാണ് ഹർജി പരിഗണിക്കുന്നത്.
എ.കെ ശശീന്ദ്രന് മന്ത്രിയായി തുടരാൻ യോഗ്യതയില്ല. തുടർച്ചയായി രണ്ടാം തവണയും മന്ത്രി പദവിയിലിരുന്ന് വിവാദങ്ങളിൽ ഉൾപ്പെട്ട വ്യക്തിയാണെന്നും ഈ പ്രവർത്തി ഭരണഘടന ലംഘനമാണെന്നുമാണ് ഹർജിയിലെ വാദം.
READ MORE:പീഡന പരാതി; മുഖ്യമന്ത്രി നൽകുന്ന സന്ദേശമെന്താണെന്ന് യുവതി
കുണ്ടറയിലെ പീഡന ആരോപണമുയർത്തിയ യുവതിയുടെ പിതാവിനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ നല്ല രീതിയിൽ തീർക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ഫോണിൽ അഭ്യര്‍ഥിക്കുകയായിരുന്നു.
ഈ ഫോൺ വിളിയാണ് മന്ത്രി കേസ് ഒത്തുതീർക്കാൻ ഇടപെട്ടെന്ന വിവാദത്തിന് കാരണമായത്. എന്നാൽ മന്ത്രി ഇടപെട്ടത് പ്രാദേശിക പ്രശ്‌നത്തിന് പരിഹാരം കാണാനാണ്. ഇക്കാര്യം മന്ത്രി തന്നെ വിശദീകരിച്ചു.
അതുകൊണ്ട് ഇതൊരു വിവാദം ആക്കേണ്ട വിഷയമല്ലെന്നുമാണ് എൻസിപിയുടെ വിശദീകരണം. ഹർജി അടുത്ത മാസം നാലിന് വീണ്ടും പരിഗണിക്കും. മണക്കാട് സ്വദേശി ജിജാ ജെയിംസ് മാത്യുവാണ് ഹർജി നൽകിയത്.