തിരുവനന്തപുരം: വാളയാറിൽ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേശീയ ബാലാവകാശ കമ്മീഷൻ പാലക്കാട് എത്തിയ ദിവസം തന്നെ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചത് തെളിവെടുപ്പിൽ നിന്നും മാറ്റി നിർത്താൻ വേണ്ടിയാണെന്നും കുമ്മനം ആരോപിച്ചു. അവരെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയല്ല മറിച്ച് മുഖ്യമന്ത്രി അവിടെ പോയി കാണുകയായിരുന്നു വേണ്ടത്. ബാലാവകാശ കമ്മീഷൻ പാലക്കാട് എത്തിയിട്ടും ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കുമ്മനം ആരോപിച്ചു.
അട്ടപ്പാടിയിൽ മാവോയിസ്റ്റുകൾ ഏറ്റുമുട്ടലിൽ അല്ല കൊല്ലപ്പെട്ടതെന്ന സിപിഐയുടെ ആരോപണത്തിന് മുഖ്യമന്ത്രി ഉത്തരം പറയണമെന്നും കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു. അവിടെ എന്താണ് നടന്നതെന്ന് വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.