തിരുവനന്തപുരം : ചന്ദ്രിക ദിനപത്രത്തിന്‍റെ പേരിൽ കള്ളപ്പണ ഇടപാട് നടത്തി ഹൈദരലി തങ്ങളെ പി.കെ. കുഞ്ഞാലിക്കുട്ടി വഞ്ചിക്കുകയാണെന്ന് കെ.ടി. ജലീൽ എംഎല്‍എ. തങ്ങളെയും കുടുംബത്തെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ കുഞ്ഞാലിക്കുട്ടി ശ്രമിച്ചെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ ഹൈദരലി തങ്ങൾക്കെതിരെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വീണ്ടും നോട്ടിസ് അയച്ചിരിക്കുകയാണ്. രോഗാവസ്ഥയിൽ ചികിത്സയിലുള്ള തങ്ങൾക്കല്ല, കുഞ്ഞാലിക്കുട്ടിക്കാണ് യഥാർഥത്തില്‍ നോട്ടിസ് അയക്കേണ്ടത്. നാല് വെള്ളിക്കാശിന് മുസ്‌ലിം സമുദായത്തെയും ലീഗിനെയും വിറ്റ് തുലയ്ക്കുകയാണെന്നും ജലീൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കള്ളപ്പണ ഇടപാട് നടത്തിയ കുഞ്ഞാലിക്കുട്ടി സുഖമായിരിക്കുകയും തങ്ങൾ അന്വേഷണം നേരിടുകയുമാണ്. ലീഗിനുള്ളിൽ തന്നെ ഇതിനെതിരെ പ്രതിഷേധമുണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ച് ആരും ഒന്നും മിണ്ടാത്തതാണെന്നും കെ.ടി.ജലീൽ ആരോപിച്ചു.
ALSO READ: കുഞ്ഞാലിക്കുട്ടിയുടെ മകൻ്റെ നിക്ഷേപം : വീണ്ടും നിയമസഭയിൽ ചോദ്യവുമായി കെ.ടി. ജലീൽ
എ.ആർ നഗർ സഹകരണ ബാങ്കിൽ മകന് എൻ.ആർ.ഇ അക്കൗണ്ട് ഉണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. അത്തരം അക്കൗണ്ട് സ്വീകരിക്കാൻ സഹകരണ ബാങ്കിന് അനുമതിയില്ല. പച്ചക്കളളം പറയുകയാണ്.
പലിശ തന്നെ ഹറാം എന്നുപറഞ്ഞ് പാർട്ടിയുടെ നേതാവിന്‍റെ മകനാണ് ഇത്തരത്തിൽ പലിശ കൂടുതൽ കിട്ടാൻ പ്രവർത്തിച്ചത്. രേഖയുള്ള പണമാണെങ്കിൽ ഹാജരാക്കി എത്രയും വേഗം തുക വീട്ടിലെത്തിക്കണമെന്നും ജലീൽ പറഞ്ഞു.
തന്‍റെ പിന്നിലിരുന്നയാളാണ് ലീഗിന്‍റെ പൊന്നാപുരം കോട്ടയായ കുറ്റിപ്പുറത്ത് 2006ൽ തോൽപ്പിച്ചത് എന്നുകൂടി കുഞ്ഞാലിക്കുട്ടി പറയണമെന്നും ജലീൽ ആവശ്യപ്പെട്ടു.