തിരുവനന്തപുരം: യുഎഇ ഭരണാധികാരിക്ക് ഒരു കത്തും താനയച്ചിട്ടില്ലെന്ന് കെ.ടി.ജലീല്‍. സ്വപ്‌ന സുരേഷിന്‍റെ ആരോപണം ശരിയല്ലെന്നും കൊവിഡ് കാലത്ത് മാധ്യമം പത്രത്തില്‍ പ്രവാസികളുടെ മരണം സംബന്ധിച്ച് വന്ന വാര്‍ത്തയിലെ നിജസ്ഥിതി അറിയാനായി യുഎഇ കോണ്‍സുലേറ്റ് ജനറലിന്‍റെ പി.എയായ സ്വപ്‌ന സുരേഷിന് വാട്‌സ്ആപ്പായും മെയിലായും കത്തയിച്ചിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.
പത്രം നിരോധിക്കണമെന്ന് എങ്ങും പറഞ്ഞിട്ടില്ല. നിജസ്ഥിതി പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. കൊവിഡ് കാലത്ത് ചികിത്സ കിട്ടാതെ പ്രവാസികള്‍ മരിക്കുന്നുവെന്ന് മാധ്യമം സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാനായി വാര്‍ത്ത നല്‍കി. ഇതിലെ രോഷമാണ് കത്തിലൂടെ പ്രകടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്‍റെ അറിവോടെയല്ല കത്തയച്ചത്. വ്യക്തിപരമായ നടപടിയായിരുന്നു. അതുകൊണ്ടാണ് തന്‍റെ ഔദ്യോഗിക പേരായ അബ്ദുല്‍ ജലീല്‍ എന്ന് ഉപയോഗിച്ചത്. ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടെങ്കില്‍ എന്ത് നടപടിയും സ്വീകരിക്കാം.
സ്വര്‍ണ്ണക്കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്‌ന പറയാത്തതില്‍ സന്തോഷമുണ്ട്. നിരന്തരം ഇത്തരം ആരോപണങ്ങള്‍ സജീവമായിരുന്നു. ഇതെല്ലാം കളവാണെന്ന് തെളിഞ്ഞു. സ്വപ്‌ന നേരത്തെ നല്‍കിയ മൊഴിയുടെ ആവര്‍ത്തനമാണ് ഹൈക്കോടതിയിലും നടത്തിയിരിക്കുന്നത്.
ഇക്കാര്യം എന്‍.ഐ.എ വിശദമായി പരിശോധിച്ചിട്ടുണ്ട്. ആരുമായും ഇതുവരെ ഒരു ബിസിനസോ പങ്കാളിത്തവും തനിക്കുണ്ടായിട്ടില്ലെന്നും ജലീല്‍ വ്യക്തമാക്കി.
also read: സ്വര്‍ണക്കടത്ത് കേസ്: സ്വപ്നയുടെയും സരിതയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയില്‍