തിരുവനന്തപുരം : ശമ്പള വിതരണത്തിലെ കാലതാമസത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിയില്‍ സമരം. തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് സമരം ആരംഭിച്ചിരിക്കുന്നത്. തിങ്കളാഴ്‌ച (മെയ് 8) ബിഎംഎസിന്‍റെ നേതൃത്വത്തില്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യാത്തതിനെ തുടര്‍ന്നാണ് ഭരണ-പ്രതിപക്ഷ യൂണിയനുകളുടെ സംയുക്ത സമരം.
ഇന്ന് രാവിലെ 10 മണിക്ക് തിരുവനന്തപുരത്തെ ചീഫ് ഓഫിസിന് മുന്നിലാണ് സമരം. ശമ്പളം മുഴുവന്‍ ഈ മാസം 5 ഓടെ വിതരണം ചെയ്യുമെന്നായിരുന്നു മുഖ്യമന്ത്രിയുമായുള്ള യൂണിയനുകളുടെ കൂടിക്കാഴ്‌ചയില്‍ ലഭിച്ച ഉറപ്പ്. എന്നാല്‍ ശമ്പളത്തിന്‍റെ രണ്ടാം ഗഡു വിതരണത്തിന് 50 കോടി അഭ്യര്‍ഥിച്ച് കെഎസ്ആര്‍ടിസി ധനവകുപ്പിന് നൽകിയ അഭ്യര്‍ഥനയില്‍ ഫലപ്രദമായ നടപടി ഉണ്ടാകാത്തതാണ് പ്രതിസന്ധിയായത്.
കഴിഞ്ഞ മാസത്തെ ശമ്പളം ഈ മാസ് 8ന് മുഴുവനും ഒരുമിച്ച് നൽകുമെന്ന് മുഖ്യമന്ത്രി യൂണിയനുകള്‍ക്ക് നൽകിയ ഉറപ്പ് നടപ്പിലായില്ല. ഇതിന് മുന്‍പ് ഓണത്തിനും മുഖ്യമന്ത്രി യൂണിയനുകളുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ശമ്പള വിതരണത്തിന് ഉറപ്പ് നൽകിയിരുന്നെങ്കിലും നടപ്പിലായില്ല. ഏപ്രിലിലെ ശമ്പളത്തിന് 50 കോടി രൂപയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
ശമ്പളം ഗഡുക്കളായി നൽകുന്ന നടപടി അവസാനിപ്പിക്കണമെന്നും ഭരണ-പ്രതിപക്ഷ യൂണിയനുകള്‍ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പൊന്നും നൽകിയിരുന്നില്ല.
Also read : കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം; ഏപ്രില്‍ മാസത്തെ ആദ്യ ഗഡു വിതരണം ചെയ്‌തു