തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക അച്ചടക്കത്തിനായി ലേ ഓഫ് നീക്കവുമായി സിഎംഡി ബിജു പ്രഭാകര്‍. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്‍റ് നിലപാട്. ഇതിനായി ഇന്നലെ ചേര്‍ന്ന യൂണിയന്‍ പ്രതിനിധികളുടെ യോഗത്തിലാണ് സിഎംഡി സഹകരണം തേടിയത്.
ഓരോ യൂണിറ്റിലുമുള്ള ഡെഡ് ട്രിപ്പ് കുറയ്ക്കാനുള്ള കണക്കുകള്‍ അതത് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് നല്‍കി കഴിഞ്ഞു. ഇതില്‍ വീഴ്‌ച വരുത്തുന്ന യൂണിറ്റ് ഓഫീസര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടി വരുമെന്നും കെഎസ്ആര്‍ടിസിയിലെ അംഗീകൃത യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സിഎംഡി അറിയിച്ചു. വരുമാനം ഇല്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കണമെന്നും ഇതിനുള്ള നിര്‍ദേശം ഉടന്‍ തന്നെ പുറപ്പെടുവിക്കുമെന്നും സിഎംഡി അറിയിച്ചു.
സർക്കാർ സഹകരണം തേടി കെഎസ്ആര്‍ടിസി
ശമ്പളം നല്‍കാന്‍ ഉള്‍പ്പെടെ 100 കോടിയോളം രൂപയാണ് സര്‍ക്കാരിനോട് ഓരോ മാസവും അഭ്യര്‍ഥിക്കുന്നത്. 4800 ബസുകള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് നിലവില്‍ 3300ല്‍ താഴെ ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. വളരെയധികം ജീവനക്കാര്‍ അധികമായി നില്‍ക്കുന്നുണ്ട്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് വേണ്ടി സര്‍ക്കാരിനെ ആശ്രയിക്കേണ്ടിയും വരുന്നു.
ഈ സാഹചര്യത്തില്‍ അധികമുള്ള സ്റ്റാഫിനെ ലേ ഓഫ് ചെയ്യുകയോ, അല്ലെങ്കില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ചെയ്തത് പോലെ 50% ശമ്പളം കൊടുത്ത് ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള ദീര്‍ഘകാല ലീവ് നല്‍കാമെന്ന നിര്‍ദേശം സര്‍ക്കാരിന് മുന്നില്‍ വയ്ക്കും. നയപരമായ ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കുന്ന പക്ഷം അതനുസരിച്ച് മുന്നോട്ട് പോകും. ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്നും സിഎംഡി യോഗത്തിൽ അറിയിച്ചു.
ALSO READ: സിലബസ് വിവാദം: ഉന്നത വിദ്യാഭ്യാസ വകുപ്പ് വി.സിയോട് വിശദീകരണം തേടി
നിലവില്‍ കെഎസ്ആര്‍ടിസിയുടെ സാമ്പത്തിക സ്ഥിതി വളരെ പരിതാപകരമാണ്. വിവിധ സ്ഥലങ്ങളില്‍ നിന്നും പുതിയതായി സര്‍വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. എന്നാല്‍ ഉച്ച സമയത്ത് യാത്രക്കാര്‍ പോലും ഇല്ലാതെയാണ് പല സര്‍വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സര്‍വീസുകള്‍ ഒഴിവാക്കിയാലെ ഇനി പിടിച്ച് നില്‍ക്കാനാകൂ.
ജൂണ്‍ മാസത്തില്‍ വരുമാനം 21.26 കോടിയും ഡീസലിനായി നല്‍കിയത് 17.39 കോടിയുമാണ്. ജൂലൈയില്‍ വരുമാനം 51.04 കോടി, ഡീസല്‍ ചിലവ് 43.70 കോടി, ഓഗസ്റ്റില്‍ വരുമാനം 75.71 കോടി, ഡീസല്‍ ചിലവ് 53.33 കോടി എന്ന നിലയാണ്.