തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ 49 രൂപ വരെയുള്ള ടിക്കറ്റുകളിൽ ഈടാക്കിയിരുന്ന സെസ് തുക ഒഴിവാക്കി. ആറുമാസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് നടപടി. ഇതുപ്രകാരം ഓർഡിനറി ബസുകളിലെ ടിക്കറ്റ് നിരക്ക് കുറയും.
യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിന് കെഎസ്ആർടിസി എംഡിയുടെ നിർദേശമനുസരിച്ചാണ് സെസ് ഒഴിവാക്കിയത് എന്ന് ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ അറിയിച്ചു. ബസ് ചാർജ് വർധനയ്ക്ക് ശേഷം സെസ് ഇനത്തിൽ ആറ് ലക്ഷം രൂപ കെഎസ്ആർടിസിക്ക് ലഭിച്ചിരുന്നു. സെസ് ഒഴിവാക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം ടിക്കറ്റ് നിരക്ക് കുറയ്ക്കുമ്പോൾ കൂടുതൽ യാത്രക്കാരെ ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുന്നതിലൂടെ നികത്താൻ കഴിയുമെന്ന് സിഎംഡി സർക്കാരിനെ അറിയിച്ചു.