തിരുവനന്തപുരം : കെഎസ്ആർടിസി സിറ്റി ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ഓൺലൈൻ പണമിടപാട് സൗകര്യം ഇന്ന് മുതല്‍ ആരംഭിക്കും (KSRTC City Bus Digital Payment Service). ഇതിന് വേണ്ടി ടെന്‍ഡറിലൂടെ ചലോ മൊബിലിറ്റി സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ തെരഞ്ഞെടുത്തതായും മാനേജ്‌മെന്‍റ് അറിയിച്ചു. പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് യുപിഐ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ചലോ ആപ്ലിക്കേഷനിലെ ചലോ പേ & വാലറ്റ് എന്നീ സംവിധാനങ്ങൾ ഉപയോഗിച്ചും ടിക്കറ്റ് എടുക്കാൻ സാധിക്കും.
തിരുവനന്തപുരം ജില്ലയില്‍ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപ്പറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു പോയിന്‍റ് സർവീസുകളിലുമാണ് ആദ്യ ഘട്ടത്തിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത്. ബസുകളുടെ ലൈവ് ലൊക്കേഷനെ കുറിച്ചുള്ള വിവരവും ചലോ ആപ്പിലൂടെ അറിയാം. ഇതിന് ആവശ്യമായ എല്ലാ ഹാർഡ്‌വെയറുകളും ഡാറ്റ അനലിറ്റിക്‌സും ഉൾപ്പടെയുള്ള ഡാറ്റ സപ്പോർട്ടും ചലോ കമ്പനി തന്നെയാകും വഹിക്കുക. കെഎസ്ആർടിസിക്ക് ഈ സേവനങ്ങൾക്ക് ഒരു ടിക്കറ്റിന് ജിഎസ്‌ടി കൂടാതെ 13.7 പൈസ മാത്രമാണ് ചെലവ് വരുന്നത്.
പരീക്ഷണ ഘട്ടത്തിൽ എന്തെങ്കിലും പോരായ്‌മകൾ ഉണ്ടായാൽ പൂർണമായും അവ പരിഹരിച്ച ശേഷമാകും ഇത് ഔദ്യോഗികമായി നടപ്പിൽ വരുത്തുക. നാല് മാസത്തിനകം കേരളത്തിലെ എല്ലാ കെഎസ്ആർടിസി സർവീസുകളിലും ഈ സംവിധാനം നടപ്പിലാക്കാനാണ് മാനേജ്മെന്‍റ് ആലോചിക്കുന്നത്. ഇ.ടി.എം, അനുബന്ധ സാമഗ്രികൾ, ഉപകരണങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും കമ്പനി തന്നെ മറ്റ് ചെലവില്ലാതെ നൽകും എന്നതിനാൽ പർച്ചേസ് അനുബന്ധ മെയിന്‍റനന്‍സ് എന്നിവ പൂർണമായും ഒഴിവാകും എന്നതാണ് പ്രത്യേകത.
പുതിയ സംവിധാനത്തിന്‍റെ പ്രത്യേകതകൾ: ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് പ്ലാറ്റ്‌ഫോമിലാണ് ചലോ സോഫ്‌റ്റ്‌വെയറുള്ളത്. ക്യാഷ്, ക്ലോസ് ലൂപ്പ് കാർഡുകൾ ക്യാഷ്, യുപിഐ ഓപ്പൺ ലൂപ്പ് കാർഡുകൾ ഡെബിറ്റ് / ക്രെഡിറ്റ് കാർഡുകൾ, എന്‍സിഎംസി കാർഡുകൾ, വാലറ്റ് പേയ്‌മെന്‍റ് എന്നിവയിലൂടെ ഇതില്‍ പണമിടപാട് നടത്താം. കൂടാതെ, ഡാറ്റ ഹോസ്റ്റിങ് ലോക്കൽ സെർവറിൽ സ്റ്റോർ ചെയ്‌ത മറ്റൊരു ആപ്ലിക്കേഷൻ വഴി ക്ലൗഡിൽ സ്റ്റോർ ചെയ്യുന്നത് കാരണം തത്സമയ ഡാറ്റ ലഭ്യമാകുന്നു.
യാത്രികര്‍ക്കായി ബസ് ലൊക്കേഷൻ ട്രാക്കിങ്ങും ട്രിപ്പ് പ്ലാനറും ഉൾപ്പെട്ട സേവനം ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിക്കാം. വിവിധ പാസുകൾ ബസിൽവച്ച് തന്നെ സാധുത പരിശോധിക്കുന്നതിനും ദുരുപയോഗം പരിശോധിക്കുന്നതിനും (പാസ് പ്രോസസിങ്) ക്ലോസ്‌ഡ് ലൂപ്പ് കാര്‍ഡുകളായി മാറ്റി പ്രോസസ് ചെയ്യുന്നതിനും കഴിയും. വൈവിധ്യമാർന്ന യാത്ര പാസുകൾ ലഭ്യമാക്കുന്നിന് മന്ത്‌ലി ടിക്കറ്റുകൾ, സീസൺ ടിക്കറ്റുകൾ എന്നിവ സ്വന്തമാക്കാനും ഇവ പുതുക്കാനും സാധിക്കും.
Also Read : ഉപദേശകരെ കൂട്ടി- രക്ഷപ്പെടുമോ കെഎസ്ആര്‍ടിസി?
ഡാറ്റ അനലിറ്റിക്‌സിന് വിശദമായ മാനേജ്‌മെന്‍റ് ഇൻഫർമേഷൻ സിസ്റ്റം ഉള്ളതുകൊണ്ട് റൂട്ട് പ്ലാനിങ് സിസ്റ്റം കാര്യക്ഷമമാകുന്നു. യാത്രയ്‌ക്കിടെ ഒരു ഇ.ടി.എം തകരാറിലായാല്‍ ഏത് ഡിപ്പോയില്‍ നിന്നും അത് മാറ്റാം. ഓൺലൈൻ റിസർവേഷൻ സാദ്ധ്യമാവുക വഴി ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിലുള്ള നിജസ്ഥിതി തത്സമയം അറിഞ്ഞ് റിസർവേഷൻ ഡാറ്റ സംബന്ധിച്ച അവ്യക്തത ഒഴിവാക്കി നിലവിലെ ഓൺലൈൻ പാസഞ്ചർ സംവിധാനവുമായി ഇ.ടി.എം. ബന്ധിപ്പിക്കാൻ സാധിക്കുന്നതാണ്.